സെക്രട്ടേറിയറ്റിന് മുന്നിലെ ചാണകം തളിച്ച് ശുദ്ധിയാക്കല്‍ സമരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസം സമീപം
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നതില്‍ ഉദ്യോഗസ്ഥനെ പഴിചാരി ധനമന്ത്രി തോമസ് ഐസക്കിന് രക്ഷപ്പെടാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രഹസ്യസ്വഭാവവും പ്രതിബദ്ധതയും ജനവിധേയത്വവും നഷ്ടപ്പെട്ട ബജറ്റ് ഒഴിവാക്കി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം സംഘടിപ്പിച്ച ചാണകം തളിച്ച് ശുദ്ധീകരിക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
പത്തുമാസം കൊണ്ട് സമ്പൂര്‍ണ പരാജയമാണെന്ന് തെളിയിച്ച പിണറായി സര്‍ക്കാര്‍ ബജറ്റ് ചോര്‍ച്ചയില്‍ കേരള ജനതയോട് മാപ്പു പറയണം. നാട്ടില്‍ കുടിവെള്ളം, തൊഴില്‍, ആഹാരം, പാര്‍പ്പിടവും ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. ക്രമസമാധാനവും സ്ത്രീസുരക്ഷയും തകര്‍ന്നു. മിച്ചഭൂമി വിതരണം നടക്കുന്നില്ല. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ നടപ്പാക്കുന്നില്ല.
എന്നാല്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സിപിഎം സഖാക്കള്‍ക്ക് പണിയുണ്ട്. ഒട്ടുമിക്ക കേസുകളിലും പ്രതിസ്ഥാനത്ത് അവരാണ്. ദുഷിച്ച മനസ്സും ചിന്തയും ശുദ്ധമായാല്‍ മാത്രമേ ഭരണം നന്നാകൂ. ഭരിക്കുന്നവരില്‍ മനംമാറ്റമുണ്ടാകാനാണ് പ്രതീകാത്മകമായി ചാണകം തളിച്ച് സമരം നടത്തുന്നതെന്നും കുമ്മനം പറഞ്ഞു.
















