സൈന്യത്തിനുള്ള പ്രത്യേക അധികാര നിയമ (അഫ്സ്പ) വുമായി ചേര്‍ത്തല്ലാതെ മണിപ്പൂരിനെ ഒരുവിഭാഗം മാധ്യമങ്ങള്‍ അവതരിപ്പിക്കാറില്ല. ഓരോ വാര്‍ത്തയും ‘സ്വന്തം പൗരന്മാര്ക്കെതിരെ യുദ്ധം ചെയ്യുന്ന രാജ്യം’ എന്ന തലക്കെട്ടിലൊതുക്കാന് അവര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കാറുമുണ്ട്. നിറം പിടിപ്പിച്ച കഥകളിലൂടെ രാജ്യവിരുദ്ധ പ്രചാരണത്തിന് മണിപ്പൂര്‍ വാര്‍ത്തകള്‍ പകര്‍ന്ന ഊര്‍ജ്ജം ചെറുതല്ല. ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെ മണിപ്പൂരില്‍ എല്ലായിടത്തും കൂട്ടമായി കാണാം. തുറന്ന വാഹനത്തില്‍ തോക്കേന്തി റോന്തുചുറ്റുന്ന അര്‍ദ്ധസൈനികരും പതിവ് കാഴ്ച. എങ്കിലും അഫ്സ്പ മണിപ്പൂരിനെ ഇന്ന് അലട്ടുന്നില്ല. അഫ്സ്പ തെരഞ്ഞെടുപ്പ് വിഷയമല്ലാത്തത് തന്നെ ഇതിന് തെളിവ്.
പ്രത്യേക സായുധ അധികാര നിയമം പിന്‍വലിക്കാന്‍ 16 വര്‍ഷം നിരാഹാരം അനുഷ്ഠിച്ച ഇറോം ശര്‍മ്മിള ഇത്തവണ മത്സരിക്കുന്നുണ്ട്. ശര്‍മ്മിള മാത്രമാണ് അഫ്സ്പയെക്കുറിച്ച് സംസാരിക്കുന്നത്. ഭീകരരുടെ ഭീഷണിയുള്ളതിനാല്‍ സായുധരായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിന്‍ബലത്തിലാണ് അധികാരത്തിലെത്തിയാല്‍ അഫ്സ്പ പിന്‍വലിക്കുമെന്ന് പറയുന്ന ശര്‍മ്മിളയും പ്രവര്‍ത്തിക്കുന്നത്. ശര്‍മ്മിളയുടെ നിരാഹാര സമരം തുടരാന്‍ മണിപ്പൂരിലെ ഒരാള്‍ പോലും തയ്യാറാകാതിരുന്നത് തന്നെ വിഷയത്തില്‍ ജനങ്ങളുടെ താല്‍പ്പര്യം വ്യക്തമാക്കുന്നതാണ്. സൈനിക സാന്നിധ്യം സുഖമുള്ള ഏര്‍പ്പാടല്ലെങ്കിലും അതിനേക്കാളേറെ വിഘടനവാദികളും അധോലോക സംഘങ്ങളും മണിപ്പൂരിനെ ഭീതിയിലാഴ്ത്തുന്നുണ്ട്. സൈന്യം പിന്മാറിയാല് ‘കിഴക്കിന്റെ സ്വിറ്റ്സര്‍ലാന്റ്’ മറ്റൊരു സിറിയ ആകുമെന്ന് ജനങ്ങള്‍ക്കറിയാം. സൈന്യത്തെ പിന്‍വലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടാത്തതിന്റെ കാരണവും ഇതാണ്.
”സമാധാനം കൈവരുന്നത് വരെ അഫ്സ്പ തുടരണമെന്നാണ് ബിജെപിയുടെ നിലപാട്. ക്രമസമാധാനം ഭദ്രമായാല്‍ അഫ്സ്പ പിന്‍വലിക്കപ്പെടും. അതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്”. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.ഭാബാനന്ദ സിംഗ് പറഞ്ഞു. കോണ്‍ഗ്രസ്സിനും സമാനമായ നിലപാടാണുള്ളത്. ”2014 മുതല്‍ ഏഴ് നിയോജകമണ്ഡലങ്ങളില്‍ അഫ്സ്പ പിന്‍വലിച്ചു. സാഹചര്യത്തിനനുസരിച്ച് മറ്റിടങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കാനാണ് ശ്രമം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിദ്യാപതി സെന്‍ജാം വ്യക്തമാക്കി. അഫ്സ്പക്കെതിരെ ദേശീയതലത്തില്‍ രംഗത്തുള്ള ഇടത്മുസ്ലിം പാര്‍ട്ടികളെ സംസ്ഥാനത്ത് കാണാനുമില്ല. ”സൈന്യത്തെ പിന്‍വലിച്ചാല്‍ ജീവിതം ദുരിതമാകും. സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതല്‍ ജനാധിപത്യവത്കരിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയുമാണ് വേണ്ടത്”. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബോബി ലോംഗ്ജാം പറയുന്നു.
സംസ്ഥാന പോലീസിന്റെ വ്യാജ ഏറ്റുമുട്ടലുകള്‍ സംസ്ഥാനത്ത് പ്രചാരണ വിഷയമാണ്. 2009ലെ ഏറ്റുമുട്ടല്‍ കൊലപാതകം വ്യാജമായിരുന്നുവെന്ന് അടുത്തിടെ കോണ്‍സ്റ്റബിള്‍ വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടിയായി. കേസ് സിബിഐ ഏറ്റെടുത്തു. ”കൊന്നൊടുക്കുന്നത് മാത്രമാണ് പരിഹാരമെന്ന നിലയിലാണ് ഇബോബി പോലീസിനെ ഉപയോഗിക്കുന്നത്. 1528 വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ സര്‍ക്കാര്‍ അന്വേഷിക്കാതെ അവസാനിപ്പിച്ചിരിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാ കേസുകളും അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കും”. ഭാബാനന്ദ സിംഗ് വ്യക്തമാക്കി. ബിജെപി കേന്ദ്ര നേതാക്കളും വിഷയം ഉന്നയിക്കുന്നുണ്ട്.
അറുപതിലേറെ തീവ്രവാദ, ക്രിമിനല്‍ സംഘടനകളാണ് മണിപ്പൂരിലുള്ളത്. തട്ടിക്കൊണ്ടുപോകലും കൊള്ളയടിക്കലും പതിവ്. സമാന്തര ഭരണം നടത്തുന്ന തീവ്രവാദ സംഘടനകള്‍ക്ക് നികുതി നല്‍കാതെ മണിപ്പൂരില്‍ കച്ചവടം ചെയ്യാനാകില്ല. രാഷ്ട്രീയത്തിലും ഭരണത്തിലും ഇവര്‍ക്ക് ഇടപെടാനാകുന്നു. എല്ലാ പാര്‍ട്ടികളിലും മുന്‍ തീവ്രവാദി നേതാക്കളെ കാണാന്‍ സാധിക്കും. യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് മണിപ്പൂര്‍, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂര്‍ തുടങ്ങി നിരവധി വിഘടനവാദ സംഘടനകള്‍ പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്നു. നാഗാ തീവ്രവാദ സംഘടനകള്‍ നാഗാ രാജ്യത്തിനായും ആയുധമെടുക്കുന്നു. ഇതിന് പുറമെയാണ് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍.
ഗോത്രസംഘര്‍ഷങ്ങളുടെ നീണ്ട ചരിത്രമുണ്ട് മണിപ്പൂരിന്. അമേരിക്ക ആസ്ഥാനമായുള്ള ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ മതപരിവര്‍ത്തനത്തിന് വിധേയരായ കുകി, നാഗാ വിഭാഗങ്ങള്‍ തമ്മില്‍ 1990കളില്‍ ഉടലെടുത്ത സംഘര്‍ഷം നാനൂറിലേറെ ജീവനുകള്‍ അപഹരിച്ചിരുന്നു. ഏത് വിഷയവും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കാന്‍ വിഘടനവാദികളും കാത്തിരിക്കുന്നു. മണിപ്പൂരിലെ നിയമസഭാ മന്ദിരത്തിന് തീവെച്ച സംഭവവും ഉണ്ടായിട്ടുണ്ട്. സംഘര്‍ഷങ്ങളിലെ രാഷ്ട്രീയ മുതലെടുപ്പിലാണ് കോണ്‍ഗ്രസ്സിനും താല്‍പ്പര്യം.
സംസ്ഥാന പോലീസിന് നേരിടാനാകാത്ത അസാധാരണ സാഹചര്യമുള്ളതാണ് അഫ്സ്പ ഏര്‍പ്പെടുത്താന്‍ കാരണം. ഭീകരരുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വരുന്ന മണിപ്പൂരില്‍ നിയമം പിന്‍വലിച്ചാല്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. സൈന്യം പിന്മാറിയാല് ഭീകരരും വിഘടനവാദികളും സംസ്ഥാനം കയ്യടക്കും. അഫ്സ്പ ഭരണകൂട ഭീകരതയാണെന്ന് പ്രചരിപ്പിക്കുന്ന ഇടത്ജിഹാദി ബുദ്ധികേന്ദ്രങ്ങളുടെ ആവശ്യവും ഇത്രേയുള്ളു. കഴിഞ്ഞ 15 വര്‍ഷം സംസ്ഥാനം ഭരിച്ചത് കോണ്‍ഗ്രസ്സാണ്.
ഇതേകാലത്ത് പത്ത് വര്‍ഷം കേന്ദ്രവും ഭരിച്ചു. എന്നിട്ടും അഫ്സ്പ പിന്‍വലിക്കാതിരുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായില്ല. അഫ്സ്പയെ പിന്തുണക്കുന്ന ബിജെപിയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ എക്കാലത്തെയും വലിയ മുന്നേറ്റമാണ് ഇപ്പോള്‍ ദൃശ്യമാകുന്നതും. അഫ്സ്പ ജനവിധിയെ സ്വാധീനിക്കുന്നതല്ലെന്ന് ഇതിലധികം തെളിവെന്തിന്!.
















