കൊച്ചി: പാതിരിയുടെ പീഡനക്കേസില്‍ കേരളത്തിന്റെ പ്രതികരണം ദുര്‍ബലമായെന്ന് ഹിന്ദുഐക്യവേദി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കുറ്റം ഏറ്റെടുക്കാന്‍ കുട്ടിയുടെ പിതാവിന് പണംകൊടുത്ത് സ്വാധീനിക്കുകയും ചെയ്ത സംഭവം കേരളത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തതാണെന്ന് ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പ്രസ്താവിച്ചു.
കുറ്റം മറച്ചുവെയ്‌ക്കാനും പ്രതിയായ പാതിരിയെ സംരക്ഷിക്കാനും ശ്രമിച്ചവര്‍ ക്രൈസ്തവസഭയുടെ ആത്മീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഒരാള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ ചെയര്‍മാനുമായ പാതിരിയും മറ്റൊരാള്‍ കന്യാസ്ത്രീയായ വനിതാ അംഗവുമാണ്. ഈ സംഭവത്തിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ രാഷ്‌ട്രീയ -സാംസ്‌കാരിക രംഗത്തുള്ളവര്‍ തയ്യാറാവാതെ വായില്ലാക്കുന്നിലപ്പന്മാരായി മാറിയെന്ന് ബാബു പറഞ്ഞു. ന്യൂനപക്ഷസമുദായ അംഗമായതിനാലാകാം ഇവര്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചത്.
സന്തോഷ് മാധവന്‍ എന്ന വ്യാജ സന്യാസിയുടെ പേരില്‍ സമാനമായ സംഭവം ഉണ്ടായപ്പോള്‍ ഹിന്ദുസന്യാസിമാര്‍ക്കും മഠങ്ങള്‍ക്കുമെതിരെ വ്യാപകമായ പ്രതിഷേധവും ആക്രമണങ്ങളുമുണ്ടായി. ആള്‍ദൈവങ്ങള്‍ക്കെതിരെ എന്ന പേരില്‍ ഹിന്ദു സമൂഹത്തെ അപമാനിക്കാനാണ് അന്ന് ഒരു കൂട്ടം സാംസ്‌കാരിക-മാധ്യമ-രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ തയ്യാറായതെന്ന് ബാബു കുറ്റപ്പെടുത്തി.
















