മുംബൈ: സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന് ഭീഷണി സന്ദേശം അയച്ച നാഗ്പൂർ സ്വദേശിയായ 37–കാരനെ പോലീസ് അറസ്റ്റു ചെയ്തു. വൈഭവ് ബദ്ദാൽവാർ ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് ഭീഷണി സന്ദേശം അയച്ചത്. സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ പട്ടേലിനെയും കുടുംബത്തെയും അപകടപ്പെടുത്തുമെന്ന ഭീഷണിയും സന്ദേശത്തിലുണ്ടായിരുന്നു. തനിക്ക് ലഭിച്ച ഭീഷണി സന്ദേശം ഊർജിത് പട്ടേൽ ആർബിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന് അയച്ചുകൊടുത്തിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥൻ സംഭവം സൈബർ സെല്ലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പൊലീസിൽ പരാതി റജിസ്റ്റർ ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ വൈഭവിനെ മാർച്ച് ആറുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
















