ലക്നൗ: ഉത്തർപ്രദേശിൽ വിജയം ഉറപ്പിച്ച് ബിജെപി നേതൃത്വം. സംസ്ഥാനത്ത് 300 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് പാർട്ടി ഉറപ്പാക്കുന്നത്. ഇതിനായി സംസ്ഥാനത്ത് മികച്ച പടയോട്ടമണ് പ്രവർത്തകരും നേതാക്കളും നടത്തിയത്.
അതേ സമയം യുപിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചും പാർട്ടിയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനും ഒബിസി വിഭാഗത്തിൽപ്പെട്ടതുമായ കേശവ പ്രസാദ് മൗര്യയുടെ പേരാണ് ഏറെ നേതാക്കളും ചർച്ച ചെയ്യുന്നത്. ഇദ്ദേഹത്തിനു പുറമെ കേന്ദ്രമന്ത്രി ഉമാ ഭാരതി, നേതാക്കളായ മനോജ് സിൻഹ, യോഗി ആദിത്യ നാഥ്, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ലക്നൗ മേയർ ദിനേഷ് ശർമ്മ എന്നിവരുടെയും പേരുകൾ പട്ടികയിലുണ്ട്.
യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ജനങ്ങൾ കനത്ത തിരിച്ചടി നൽകും എന്നതിൽ സംശയമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കേശവ പ്രസാദ് മൗര്യ പറഞ്ഞു.
















