അമ്പലപ്പുഴ: സര്‍. സി.പി രാമസ്വാമി അയ്യരെ വെട്ടിയ കെസിഎസ് മണിയുടെ ഭാര്യ ലളിതാമ്മാള്‍ (77) അന്തരിച്ചു. അമ്പലപ്പുഴയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി വിവിധ രോഗങ്ങള്‍ അവരെ അലട്ടിയിരുന്നു.
ലളിതാമ്മാളിനും മണിക്കും മക്കളില്ല. തന്റെ അനുജത്തിയുടെയും മക്കളുടെയും ഒപ്പമാണ് ലളിതാമ്മാള്‍ താമസിച്ചിരുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് ലളിതാമ്മാളിന്റെ ജന്മദേശം. തെങ്കാശിയില്‍ താമസിച്ചുവരികെ മണിയുടെ സഹോദരി വഴിയാണ് വിവാഹാലോചന വരുന്നത്. ലളിതാമ്മാളിന്റെ അച്ഛന്റെ ഒരു ബന്ധുകൂടിയായിരുന്നു മണിയുടെ സഹോദരി.
വിവാഹ സമയത്ത് ലളിതാമ്മാളിന് 24 വയസ്സും മണിക്ക് 40 വയസ്സുമായിരുന്നു. വിവാഹം നടക്കുമ്പോഴൊന്നും സി.പിയെ വെട്ടിയ ആള്‍ മണിയായിരുന്നെന്ന് ലളിതാമ്മാളിന് അറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞ് കുറെനാള്‍ കഴിഞ്ഞ് അമ്മാവനാണ് ആ സത്യം അവരെ അറിയിക്കുന്നത്.
1987 സെപ്റ്റംബര്‍ 20ന് അറുപത്തിയാറാം വയസ്സിലാണ് മണിസ്വാമി മരിച്ചത്. പുലയനാര്‍കോട്ട ആശുപത്രിയില്‍ വച്ചായിരുന്നു മരണം. തിരുവിതാംകൂറിനും കേരളത്തിനും പുതിയൊരു ചരിത്രമെഴുതിക്കൊടുത്ത കെസിഎസ് മണിക്ക് അമ്പലപ്പുഴയില്‍ പോലും സ്മാരകം ഉണ്ടായില്ല. അതില്‍ മനംനൊന്ത ലളിതാമ്മാള്‍ മുന്‍കൈയെടുത്ത് അമ്പലപ്പുഴ കോനാട്ടുമഠം വീട്ടുമുറ്റത്ത് സ്മാരകം പണിയുകയായിരുന്നു.
















