തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോസ്‌കോ പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യത്തെ പെണ്‍കുട്ടി മരിച്ച സമയത്ത് പോലീസിന് സംശയകാരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍ ആദ്യ പെണ്‍കുട്ടിയും പീഡനത്തിനിരയായെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. രണ്ട് കേസിലും കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതി രാജ്യം വിടാതിരിക്കാന്‍ സഹായിച്ചത് പോലീസിന്റെ ഇടപെടലാണെന്നും കുറ്റം ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി സഭയ്‌ക്ക് ഉറപ്പ് നല്കി. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുമെന്നും ഇതിനായി പത്തു വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സ്ത്രീ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ സ്ത്രീ സുരുക്ഷയെപ്പറ്റി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പട്ട് കെ.മുരളീധരന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
















