ലഖ്നൗ: കഴിഞ്ഞ ചൊവ്വാഴ്ച മധ്യപ്രദേശിലെ ജാബ്രി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലുണ്ടായ സ്ഫോടനം ഇന്ത്യയിലെ ആദ്യത്തെ ഐഎസ് ആക്രമണമെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി ദല്‍ജിത് ചൗധരി വ്യക്തമാക്കി. ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനിലാണ് സ്ഫോടനം ഉണ്ടായത്. ഇതില്‍ പത്ത് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
സംഭവത്തില്‍ മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും പോലീസ് സംഘം സംയുക്ത അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ താക്കൂറിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്‍ സെയ്‌ഫുള്ളയ്‌ക്ക് ഐഎസുമായി അടുത്ത ബന്ധം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നിലും പ്രവര്‍ത്തിച്ചത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കി.
ട്രെയിന്‍ സ്‌ഫോടനം സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി ഇയാളെ ജീവനോടെ പിടികൂടാനാണ് സൈന്യം ശ്രമം നടത്തിയതെങ്കിലും ഏറ്റുമുട്ടലില്‍ ഇയാള്‍ വധിക്കപ്പെടുകയായിരുന്നു. ഉജ്ജയിനില്‍ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ രണ്ടുപേരെ കാണ്‍പൂരില്‍ നിന്നും ഇറ്റാവയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേര്‍ മധ്യപ്രദേശില്‍ നിന്നും അറസ്റ്റിലായി.
സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. ട്രെയിന്‍ ആക്രമണം വന്‍കിട ആക്രമണം നടത്താനുള്ള ഐഎസിന്റെ തയാറെടുപ്പായിട്ടാണ് രഹസ്യാന്വേഷണം വിഭാഗം വിലയിരുത്തുന്നത്.
















