കൊളംബോ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളി ശ്രീലങ്കന്‍ നാവിക സേനയുടെ വെടിയേറ്റ് മരിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ജക്കാര്‍ത്തയില്‍ വച്ചു നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ സമ്മിറ്റില്‍(IORA) ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സിരിസേന ഇക്കാര്യം പറഞ്ഞത്.
”ഇന്നു രാവിലെയാണ് താന്‍ ഇതെക്കുറിച്ചറിഞ്ഞതെന്നു പറഞ്ഞ പ്രസിഡന്റ് ശ്രീലങ്കന്‍ നാവികസേനാ മേധാവിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നറിയിച്ചിട്ടുണ്ട്. എന്നാല്‍ നാവിക സേനയുടെ ഭാഗത്തു നിന്ന് അങ്ങനെയൊന്നും സംഭവിക്കില്ലെന്നാണ് മേധാവിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ എന്തായാലും സമഗ്രമായ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.”- ഹമീദ് അന്‍സാരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ അതിര്‍ത്തിയിലെ കച്ചൈത്തീവ് മേഖലയില്‍
തമിഴ്‌നാട്ടില്‍ നിന്നുളള മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ചത്. ശ്രീലങ്കന്‍ നാവിക സേനയാണ് വെടിവെച്ചതെന്ന് ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അതിര്‍ത്തി കടന്നുളള മത്സ്യബന്ധനത്തിന് 76ഓളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും ശ്രീലങ്കയില്‍ തടവിലാണ്.
















