ഭോപ്പാല്‍: ബോംബു സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ അല്‍ ഖാസിം. ഇന്ത്യയിലെ ഐഎസ് വിഭാഗമായ ഖൊറാസന്റെ സ്വയം പ്രഖ്യാപിത അമീറാണ്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ രൂപപ്പെട്ട ഈ ഗ്രൂപ്പ് അതിവേഗം വലുതാകുന്നു.
എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഒരാളെ ബുധനാഴ്ച പുലര്‍ച്ചെ കൊന്നെങ്കിലും ഏഴു പേരെ പിടികിട്ടി. അലിഗഡ് സ്വദേശി എന്‍ജിനീയറായ അല്‍ ഖാസിം എന്ന ആത്തിഫ് മുജാഫര്‍, കാണ്‍പൂര്‍ സ്വദേശി ഡാനിഷ് അക്തര്‍ (സഫര്‍) സെയ്ദ് മീര്‍ ഹുസൈന്‍ (ഹംസ) എന്നിവരെ ചൊവ്വാഴ്ച ഉച്ചയോടെ മധ്യപ്രദേശിലെ ഹോഷംഗബാദിലെ പിപാരിയയില്‍ ബസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തവരായ മൊഹമ്മദ് ഫൈസല്‍, മൊഹമ്മദ് ഇര്‍ഫാന്‍ എന്നിവരെ കാണ്‍പൂരിനു സമീപം ജാജ്മൗവില്‍ നിന്നും ആലം എന്നയാളെ ഇറ്റാവയില്‍ നിന്നും പിടിച്ചു. ഒരാളെ ട്രെയിനില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്തു വച്ച് പരിക്കേറ്റ നിലയിലും പിടിച്ചു. ഭോപ്പാല്‍-ഉജ്ജയിന്‍ ട്രെയിനില്‍ പൈപ്പ് ബോംബു വച്ചത് ആത്തിഫാണ്.
ഡാനിഷ് ഒരു വര്‍ഷമായി ഭോപ്പാലിലാണ് താമസം. കൊല്ലപ്പെട്ട സെയ്ഫുള്ള ലഖ്‌നൗവിലാണ് താമസിച്ചിരുന്നത്. തങ്ങളുടെ സാന്നിധ്യമറിയിക്കാനും സൂചന നല്‍കാനുമാണ് ശക്തികുറഞ്ഞ സ്‌ഫോടനമെന്നാണ് പോലീസ് കരുതുന്നത്. ട്രെയിന്‍ ആക്രമണത്തിനുള്ള ഉത്തരവ് ഇവര്‍ക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമല്ല.
















