ന്യൂദല്‍ഹി: ഋഷികേശ് ഇന്ത്യയുടെ യോഗ തലസ്ഥാനമായാണ് അറിയപ്പെടുന്നത്. ചൈന ഉള്‍പ്പടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് യോഗ ഗുരുക്കന്മാരെ അയക്കുന്നതും ഋഷികേശില്‍ നിന്നാണ്. ചൈനയില്‍ എപ്പോഴും യോഗ ഗുരുക്കന്മാര്‍ക്ക് വലിയ ഡിമാന്‍ഡാണ്. ഏതാണ്ട് 1,500 ഇന്ത്യന്‍ യോഗ ഗുരുക്കന്മാര്‍ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ പഠിപ്പിക്കുന്നുണ്ടെന്നാണ് വിശ്വാസം.
വിവിധ യോഗ സ്‌ക്കൂളുകളിലെ 70-80% യോഗ ഗുരുക്കന്‍മാരും ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ആഷിഷ് ബഹുഗുണ ഒരു പതിറ്റാണ്ടായി ചൈനയില്‍ യോഗ പഠിപ്പിക്കുന്നു. ഋഷികേശിലെ പരമാര്‍ത്ഥ് നികേതന്‍ ആശ്രമത്തില്‍ നിന്നാണ് അദ്ദേഹം യോഗ പഠിച്ചത്. കഴിഞ്ഞവര്‍ഷം ‘ദി മോസ്റ്റ് ബ്യൂട്ടിഫുള്‍ യോഗി ഓഫ് ചൈന’ എന്ന വിശേഷണത്തിന് ബഹുഗുണ അര്‍ഹനായി. ‘വീ യോഗ’ എന്ന പേരില്‍ സ്വന്തം സ്റ്റുഡിയോയും അദ്ദേഹം നടത്തുന്നു.
ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഗുരുക്കന്മാര്‍ യോഗ പഠിപ്പിക്കുന്നതു കൊണ്ടാണ് ചൈന ഇവര്‍ക്ക് മുന്‍ഗണന നല്‍കുന്നത്. 2009ല്‍ 40 ലക്ഷം പേരാണ് യോഗ പഠിക്കാന്‍ ഉണ്ടായിരുന്നത്. 2014ല്‍ ഇത് ഒരു കോടി ആയി ഉയര്‍ന്നു. 2009ല്‍ 1.1 ലക്ഷം യോഗ ഗുരുക്കന്മാരാണ് ചൈനയില്‍ ഉണ്ടായിരുന്നത്. 2014ല്‍ ഇത് 2.3 ലക്ഷമായി ഉയര്‍ന്നു. ഋഷികേശില്‍ നിന്നെത്തുന്ന യോഗ ഗുരക്കന്മാരെല്ലാം തന്നെ മാസം ഒരു ലക്ഷത്തിലേറെ രൂപ സമ്പാദിക്കുന്നുണ്ട്.
















