വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ബിജെപി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ അച്ഛന്‍ ഷാജിയെ ആശ്വസിപ്പിക്കുന്നു
പാലക്കാട്: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്‌ച്ച സംഭവിച്ചെന്നു വ്യക്തമായി. ജനുവരി 13ന് മൂത്തകുട്ടി കൃതിക തൂങ്ങിമരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് വാളയാര്‍ പോലീസ് കേസെടുത്തത്.
പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ല. ലൈംഗിക ചൂഷണത്തിനിരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് അവഗണിച്ചു. ചേച്ചി മരിച്ച ദിവസം രണ്ടുപേര്‍ മുഖം മറച്ച് പുറത്തുപോയെന്ന ഇളയകുട്ടി ശരണ്യയുടെ മൊഴിയും പോലീസ് മുഖവിലക്കെടുത്തില്ല. ഒറ്റമുറിവീട്ടിലെ കട്ടിലിനു മുകളില്‍ കസേരയിട്ടു കയറിയാണ് ശരണ്യ തൂങ്ങിമരിച്ചത്. എന്നാല്‍ ഒമ്പതുവയസ്സു പ്രായമുള്ള കുട്ടിക്ക് ഇത് ചെയ്യുവാന്‍ സാധിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നു.
പോലീസിന്റെ വീഴ്ച വിവാദമായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന് പുതിയ അന്വേഷണച്ചുമതല നല്‍കി. പോലീസ് കസ്റ്റഡിയിലുള്ള നാല് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും. കോഴിക്കോട് ഉത്തരമേഖലാ ഡിജിപി രാജേഷ് ധവാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
വാളയാര്‍ എസ്‌ഐ പി.സി ചാക്കോയെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയിട്ടുമുണ്ട്. പോലീസിന് വീഴ്ച പരിശോധിക്കാന്‍ പാലക്കാട് ജില്ലയുടെ ചുമതലയുള്ള മലപ്പുറം എസ്പി ദേവേഷ് കുമാര്‍ ബെഹ്‌റയെയും ചുമതലപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അന്വേഷണം കൃത്യമായ രീതിയില്‍ നടന്നതാണെങ്കില്‍ ഒന്‍പതു വയസുകാരി ശരണ്യയുടെ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് വിലയിരുത്തുന്നത്.
മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം: ബിജെപി
പാലക്കാട്: രണ്ട് പെണ്‍കുട്ടികള്‍ ലൈംഗീക ചൂഷണത്തിനിരയായി മരിച്ച സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സംഭവം കേന്ദ്ര പട്ടികജാതി വകുപ്പ്,പട്ടികജാതി-വനിതാ-ബാലാവകാശ-മനുഷ്യാവകാശ കമ്മീഷനുകളുടെ ശ്രദ്ധയില്‍പ്പെടുത്തും. കളക്ടറെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് എന്‍. ഷണ്‍മുഖന്‍, ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സി. രവീന്ദ്രന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
















