ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാര ലോകേഷിന്റെ സ്വത്തില്‍ അഞ്ചു മാസത്തിനിടെ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ലോകേഷ് തന്നെ പ്രഖ്യാപിച്ചതു പ്രകാരം ആകെ സമ്പാദ്യം 14.50 കോടി രൂപ. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് 330 കോടി. ഇത്രയും സമയത്തിനിടെയുള്ള വര്‍ധന 23 മടങ്ങ്.
ആന്ധ്ര നിയമസഭയുടെ അധോസഭയിലേക്ക് മത്സരിക്കാനാണ് സത്യവാങ്മൂലം നല്‍കിയത്. 330 കോടിയില്‍ 273.84 കോടിയും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹെറിറ്റേജ് ഫുഡ്‌സിലെ ഓഹരി. വീടും സ്ഥലവുമുള്‍പ്പെടെ 18 കോടിയും പാരമ്പര്യമായി ലഭിച്ച 38.52 കോടി രൂപയും സമ്പാദ്യം. 6.27 കോടി രൂപയുടെ വായ്‌പയുള്ളതായും രേഖയില്‍ പറയുന്നു. ഒക്ടോബറില്‍ പ്രഖ്യാപിച്ച 14.50 കോടിയില്‍ 2.52 കോടി രൂപയാണ് ഹെറിറ്റേജ് ഫുഡ്‌സിലുള്ളത്. 1.64 കോടി മറ്റു കമ്പനികളുടെ ഓഹരി. 93 ലക്ഷം രൂപയുടെ കാറുള്ളതായും വ്യക്തമാക്കിയിരുന്നു. വായ്‌പയായി അന്നു കാണിച്ചത് 6.35 കോടി.
ഭാര്യ നാര ബ്രാഹ്മണിക്ക് ഒക്ടോബറില്‍ 5.38 കോടിയുണ്ടായിരുന്നത് മാര്‍ച്ചില്‍ 28 കോടിയായി. മകന്‍ ദേവന്‍ശിന് പക്ഷേ, അന്നും ഇന്നും 11.70 കോടി രൂപയുടെ സമ്പാദ്യം.
















