പാലക്കാട്: വാളയാറില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഇരുപതുകാരിയും പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷം കഴിച്ച് അവശനിലയിലായ ഇരുപതുകാരി തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ അയല്‍ക്കാരന്‍ രതീഷിനെ പോലീസ് അറസ്റ്റു ചെയ്തു.
വീടിനുള്ളില്‍ കിടന്നുറങ്ങുന്ന സമയത്ത് യുവാവ് അതിക്രമിച്ച് കടന്ന് കയറിപ്പിടിക്കുകയും പെണ്‍കുട്ടി ബഹളം വയ്‌ക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. രാത്രി 11 മണിയോടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ ഉള്ള സമയത്തായിരുന്നു ആക്രമണം.
തുടര്‍ന്ന് സംഭവം ചോദിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവാവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ മര്‍ദ്ദിച്ചു. ഇതില്‍ മനം നൊന്ത് കഴിഞ്ഞ ഒന്നാം തീയതി പെണ്‍കുട്ടി വിഷം കഴിക്കുകയും വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
മൂന്നാം തീയതി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട പെണ്‍കുട്ടി വീട്ടില്‍ വച്ച് മരണപ്പെടുകയായിരുന്നു. രതീഷിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പുറമേ ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്.
















