കൊച്ചി: കൊച്ചിയില്‍ നടന്ന സദാചാര ഗുണ്ടായിസത്തില്‍ അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു. ആക്രമണത്തില്‍ പങ്കെടുത്ത എല്ലാവരെയും പിടികൂടിയെന്ന് പോലീസ് അറിയിച്ചു. സദാചാര ഗുണ്ടായിസത്തിനെതിരെ മറൈന്‍ഡ്രൈവില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.
രാവിലെ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. നഗരത്തിലെ മറ്റ് കോളേജുകളിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തി സ്നേഹ ഇരുപ്പ് സമരം സംഘടിപ്പിച്ചു. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ സദാചാര ചൂരല്‍ വിതരണം ചെയ്താണ് കെഎസ്‌യു പ്രതിഷേധിച്ചത്.
സുരക്ഷാ വീഴ്ചയുടെ പേരില്‍ സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്യുകയും എട്ട് പോലീസുകാരെ എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിക്കാണ് ഒരു കൂട്ടം ശിവസേനാ പ്രവര്‍ത്തകര്‍ ചൂരലുമായി എത്തി ആക്രമണം നടത്തിയത്.
















