ന്യൂദല്‍ഹി: ഇറാഖിലെ സ്വന്തം ഗ്രാമത്തില്‍ നിന്നും ഐഎസ് ഇസ്ലാമിക ഭീകരര്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ 15 വയസ്സ് മാത്രമായിരുന്നു ലാമിയ അജി ബാഷറിന്റെ പ്രായം. പിന്നീടുള്ള ഇരുപത് മാസം ഒരായുസ്സിലധികം നരകയാതനകള്‍ അവള്‍ ഒന്നിച്ചനുഭവിക്കുകയായിരുന്നു.
ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയിരുന്ന അവളെ ഐഎസ് ഭീകരര്‍ സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളില്‍ ലൈംഗിക അടിമയാക്കി. ഐഎസ് ഭീകരരില്‍ നിന്നും രക്ഷപ്പെട്ട് ജീവിതം തിരിച്ചുപിടിച്ച ലാമിയ അജി ബാഷര്‍ ദല്‍ഹിയിലുമെത്തി. തന്റെ അനുഭവങ്ങള്‍ അവള്‍ വിവരിക്കുമ്പോള്‍ സദസ്സിനും കണ്ണീരണിയാതിരിക്കാനായില്ല.
2014 ആഗസ്ത് മൂന്നിനാണ് ഗ്രാമത്തില്‍ ഐഎസ് ആക്രമണം നടത്തിയത്. നാനൂറിലേറെ പുരുഷന്മാരെ കൊന്നൊടുക്കിയ ഭീകരര്‍ ലാമിയയും സഹോദരിയും ഉള്‍പ്പെടെയുള്ള സ്ത്രീകളെ തട്ടിയെടുത്തു. ഇവരുടെ പിതാവും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ് കേന്ദ്രത്തിലെത്തിച്ച ഇവരെ പലര്‍ക്കുമായി വില്‍ക്കുകയായിരുന്നു. ലാമിയയെ അഞ്ച് തവണ വിറ്റു. രാപ്പകലില്ലാതെ ദിവസങ്ങളോളം തുടര്‍ച്ചയായ പീഡനങ്ങളേറ്റ് അവള്‍ അവശയായി. രക്ഷപ്പെടാന്‍ വഴിയില്ലാതായപ്പോള്‍ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി ലാമിയ കണ്ണീരോടെ പറഞ്ഞു.
സഹോദരി എവിടെയുണ്ടെന്ന് അറിയില്ല. തന്നെപ്പോലുള്ള ആയിരക്കണക്കിന് യസീദി സ്ത്രീകള്‍ ഇപ്പോഴും നരകയാതന അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് തടവ് കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഒരു ബന്ധു പണം നല്‍കിയാണ് തന്നെ മോചിപ്പിച്ചതെന്ന് അവള്‍ പറഞ്ഞു. ഇതിനിടെ ഐഎസ് കേന്ദ്രത്തില്‍ താന്‍ കണ്ട ഒരു ഇന്ത്യക്കാരാന്‍ ചാവേറായതായും അവള്‍ ഓര്‍മ്മിച്ചു. യസീദി സ്ത്രീകള്‍ക്കെതിരായ ഇസ്ലാമിക ഭീകരരുടെ അതിക്രമത്തിനെതിരെ പ്രവര്‍ത്തിച്ചുവരികയാണ് ലാമിയ.
















