കോഴിക്കോട്: സ്ത്രീപീഡനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ വന്‍ വീഴ്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കൊച്ചിയില്‍ സദാചാര സമരങ്ങള്‍ അരങ്ങേറിയതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ പറഞ്ഞു.
സിപിഎമ്മിന്റെ സഖ്യകക്ഷിയായ ശിവസേന ഡിവൈഎഫ്‌ഐയുമായി പരസ്പര ധാരണയോടെ നടത്തുന്ന സമരാഭാസം കേരളത്തില്‍ നടക്കുന്ന, മനഃസാക്ഷിയെ മരവിപ്പിക്കുന്ന പീഡനക്കേസുകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ നടത്തുന്ന അട്ടിമറിയാണ്.
മുംബൈയിലെ കടലോര പാര്‍ക്കുകളില്‍ ഉള്ളത്രയും പ്രണയജോഡികളും മുംബൈയിലുള്ളത്ര ശിവസേനക്കാരും രാജ്യത്ത് വേറെ എവിടെയുമില്ല. അവിടെയെങ്ങും ഇല്ലാത്ത പ്രശ്‌നം കൊച്ചിയില്‍ ഉണ്ടാക്കാന്‍ പന്ത്രണ്ടോളം ശിവസേനക്കാര്‍ക്ക് കഴിഞ്ഞത് പോലീസ് ഒത്തുകളിയുടെ ഭാഗമാണ്. യൂണിവേഴ്‌സിറ്റി കോളജില്‍ സദാചാര പോലീസ് ചമഞ്ഞവര്‍ കൊച്ചിയില്‍ നല്ലപിള്ള ചമയുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ ശിവസേനയുടെ പുറപ്പാട് സിപിഎമ്മിനെ രക്ഷിക്കാനുള്ള അടവാണ്. ഒമ്പതു മാസത്തിനിടയില്‍ 7200 ദളിത് പീഡനവും ആയിരത്തിലേറെ ലൈംഗിക പീഡനവും നടന്ന സംസ്ഥാനത്ത് അതിനെതിരെ പ്രതികരിക്കാത്തവരാണ് സമരാഭാസങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















