ആലുവ: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയേയും, വിജീഷിനേയും 24 വരെ റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുവരെയും ആലുവ കോടതിയില്‍ ഹാജരാക്കി. രണ്ട് പേരുടേയും ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
മുഖ്യപ്രതി സുനിയുടെ ആദ്യ അഭിഭാഷകനായ ഇ.സി. പൗലോസിന്റെ അപേക്ഷയും കോടതി പരിഗണിച്ചു. സുനിയുമായി സംസാരിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ സമ്മതത്തോടെ കോടതി അനുമതി നല്‍കി.
കോടതിയില്‍ ഹാജരാക്കിയ സുനിയുടെ ഫോണിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അഭിഭാഷകനായ ഇ.സി. പൗലോസാണ് സുനി ഏല്‍പ്പിച്ചതെന്ന് പറഞ്ഞ് ഫോണ്‍ ആലുവ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഈ ഫലം കിട്ടുന്ന മുറയ്‌ക്ക് അന്വേഷണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുമെന്ന് പോലീസ്.
















