തിരുവനന്തപുരം: നിയമസഭയില്‍ ആര്‍എസ്എസിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുന്നതിനെതിരെ ഒ. രാജഗോപാല്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ഓഫീസില്‍ സന്ദര്‍ശിച്ചാണ് രാജഗോപാല്‍ പരാതി നല്‍കിയത്. ആര്‍എസ്എസിനെതിരായ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടു.
നിയമസഭയില്‍ നടക്കുന്ന ചര്‍ച്ചകളുമായി ഒരു ബന്ധവുമില്ലെങ്കിലും ആര്‍എസ്എസിന്റെ പേര് നിരന്തരമായി അംഗങ്ങള്‍ സഭയില്‍ വലിച്ചിഴയ്‌ക്കുകയാണ്. നിയമാനുസൃതമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയെപ്പറ്റി അനാവശ്യം പ്രചരിപ്പിക്കാന്‍ അംഗങ്ങള്‍ സഭയെ ഉപയോഗിക്കുന്നു. സഭയില്‍ പ്രാതിനിധ്യമില്ലാത്ത സന്നദ്ധ സംഘടനയെപ്പറ്റി അപവാദം പ്രചരിപ്പിക്കുന്നത് സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയിലുണ്ട്.
ഭാവിയില്‍ അംഗങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കാന്‍ ഇടപെടണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നത് പരിഗണിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
















