അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളിലും ചിത്രം വ്യക്തമായി.
എസ്.പി-കോണ്‍ഗ്രസ് സഖ്യത്തെ നിലപരിശാക്കി ബി.ജെ.പി ഉത്തര്‍പ്രദേശില്‍ അധികാരമുറപ്പിച്ചപ്പോള്‍ 70 സീറ്റുകളുള്ള ഉത്തരാഖണ്ഡിലും 53 സീറ്റുകള്‍ നേടി ബി.ജെ.പി ഒന്നാമതായി. പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. മറ്റിടങ്ങളിലാണ് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയെങ്കിലും മണിപ്പൂരിലേയും ഗോവയിലേയും അന്തിമ ഫലം ഇപ്പോഴും പ്രവചനാതീതമാണ്.
60 സീറ്റുകളുള്ള മണിപ്പൂരിലെ 46 സീറ്റുകളിലെ ലീഡ് നില മാത്രമാണ് ഇതിനോടകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുള്ളത്. ഇതില്‍ കോണ്‍ഗ്രസ് 21 മണ്ഡലങ്ങളിലും ബി.ജെ.പി 15 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 10 സീറ്റുകളുണ്ട്.
ഗോവയില്‍ 40 സീറ്റുകളില്‍ 27 എണ്ണത്തിലെ ഫല സൂചനകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ കോണ്‍ഗ്രസ് പന്ത്രണ്ടും ബി.ജെ.പി ഒന്‍പതും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആറ് സ്ഥലങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ക്കാണ് മേധാവിത്വം.
















