ന്യൂദല്‍ഹി: ഹിന്ദുത്വത്തെ അടുക്കളയുടെ മതമാക്കരുതെന്ന് ബിജെപി മുന്‍ എംപിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ തരുണ്‍ വിജയ്. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് പരിശ്രമിക്കേണ്ടതെന്നും പശു സംരക്ഷകര്‍ സ്വാമി വിവേകാനന്ദന്‍, എം.എസ്. ഗോള്‍വാള്‍ക്കര്‍, വീരസവര്‍ക്കര്‍ എന്നിവരുടെ കൃതികള്‍ വായിക്കണമെന്നും പാഞ്ചജന്യയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പാഞ്ചജന്യയുടെ മുന്‍ എഡിറ്റര്‍ കൂടിയാണ് തരുണ്‍ വിജയ്.
ഉത്തരേന്ത്യയിലെ ഭക്ഷണ ശീലം രാജ്യത്ത് എല്ലായിടത്തും അടിച്ചേല്‍പ്പിക്കാനാകില്ല. പശു സംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാക്കുന്നവരും പശുക്കളെ സംരക്ഷിക്കാതിരിക്കുന്നവരുമാണ് ഹിന്ദുമതത്തിലെ യഥാര്‍ത്ഥ കുറ്റക്കാര്‍.
പശുക്കളെ രാഷ്‌ട്രീയ പോരാട്ടത്തിന് ഉപയോഗിക്കുന്ന കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ക്കെതിരെ നടപടി വേണം. കണ്ണൂരില്‍ പശുക്കുട്ടിയെ പരസ്യമായി കഴുത്തറുത്ത നടപടി ഇന്ത്യയുടെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. കേന്ദ്ര സര്‍ക്കാര്‍ വലിയ വികസനങ്ങള്‍ നടപ്പാക്കുമ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് സംഘര്‍ഷമുണ്ടാക്കരുതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
















