പൊന്‍കുന്നം: മഴക്കാലമെത്തിയതോടെ മേഖലയിലെ റോഡുകളിലെല്ലാം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പ്രധാന റോഡുകളേക്കാള്‍ ഇടറോഡുകളുടെ അവസ്ഥയാണ് ശോചനീയം.
വീതിയില്ലായ്‌മയും ഇരുവശങ്ങള്‍ നിറയെ കാടുകളും കാല്‍നടക്കാരെയാണ് ഏറെയും ബാധിക്കുന്നത്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ വീഴുമ്പോള്‍ തെറിക്കുന്ന ചെളിവെള്ളത്തില്‍ നിന്നും രക്ഷപെടാന്‍ മാര്‍ഗ്ഗമില്ലെന്നാണ് ഇവരുടെ പരാതി. മേഖലയിലെ പല റോഡുകള്‍ക്കും പുനരുദ്ധാരണത്തിനും റീടാറിങ്ങിനും പണം അനുവദിച്ചിട്ടുണ്ടെങ്കിലും മഴക്കാലമായതിനാല്‍ പണി നടക്കില്ലെന്നും മഴക്കാലമൊന്നു കഴിഞ്ഞാല്‍ റോഡുകളെല്ലാം രാജവീഥികളാക്കുമെന്നൊക്കെയാണ് ജനപ്രതിനിധികളുടെ പ്രഖ്യാപനം. എന്നാല്‍ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങളായെന്നും ടാറിങ് നടത്താനുള്ള നടപടികള്‍ മഴക്കാലത്തിന് മുന്‍പെ തുടങ്ങണമായിരുന്നു എന്നാണ് ജനങ്ങളുടെ പരാതി. നടപടിക്രമങ്ങളിലെ കാലതാമസമാണ് കാരണമെന്നു പറഞ്ഞ് തടിയൂരുകയാണ് അധികൃതര്‍.
















