ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കോടതിയില്‍ ഹാജരാകാനാകില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണ്ണന്‍. സുപ്രീംകോടതിയുടെ നടപടി തന്നെ ഉപദ്രവിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തനിക്കെതിരായ കോടതിവിധി ഭരണഘടന വിരുദ്ധമാണെന്നും ദളിതനായതിനാലാണ് തന്നെ ഇത്തരത്തില്‍ വേട്ടയാടുന്നതെന്നും ജസ്റ്റിസ് കര്‍ണന്‍ ആരോപിച്ചു. കോടതിയലക്ഷ്യ കേസില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജഡ്ജി സി.എസ് കര്‍ണ്ണനെതിരെ അറസ്റ്റു വാറന്റ് അയച്ചത്.
ആദ്യമായാണ് ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടി കൈക്കൊള്ളുന്നത്. ഈ മാസം 31 ന് രാവിലെ പത്തരയ്‌ക്ക് സുപ്രീംകോടതിയില്‍ ജസ്റ്റിസ് കര്‍ണന്റെ സാന്നിധ്യം ഉറപ്പാക്കും വിധം വാറന്റ് നടപ്പാക്കാനാണ് ബംഗാള്‍ ഡിജിപിയോട് പരമോന്നത കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതായിരുന്നു കര്‍ണ്ണനെതിരെയുള്ള കേസ്. നിരവധി സിറ്റിങ് ജഡ്ജിമാര്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി എന്ന കുറ്റവും ഇദ്ദേഹത്തിനെതിരെയുണ്ട്.
















