പണ്ടാണ്, ഇഷ്ടതാരങ്ങളെ കാണാന്‍ മാത്രം പലരും സിനിമ കണ്ടിരുന്നു. അവരുടെ കഥാപാത്രത്തിനപ്പുറം അവരോടു തന്നെയായിരുന്നു കാണികള്‍ക്കു കമ്പം. ഇന്നും അത്തരക്കാരുണ്ട് കുറയാതെ. നാടകത്തിലും ഇത്തരം ഇഷ്ടതാരങ്ങളുണ്ടായിരുന്നു അന്ന്.
സിനിമാ താരങ്ങളെ നേരിട്ടു കാണാനുള്ളസാഹചര്യം അന്നുണ്ടായിരുന്നില്ല. മാത്രമല്ല,മലയാള സിനിമ അന്ന് കോടമ്പാക്കം ഭൂമികയായിരുന്നു. എന്നാല്‍ മുന്നില്‍ കളിക്കുന്ന നാടകങ്ങളിലൂടെ ഇഷ്ട താരങ്ങളെ നേരില്‍ കാണാമായിരുന്നു.ഇടവേളയ്‌ക്കോ നാടകാവസാനമോ ഗ്രീന്‍ റൂമിനടുത്തുചെന്ന് ഇഷ്ടതാരങ്ങളെ കണ്ട് ചിലര്‍ നിര്‍വൃതിയടഞ്ഞിരുന്നു.
പതിറ്റാണ്ടു മുന്‍പത്തെ നാടക അരങ്ങിലെ സൂപ്പര്‍ താരമായിരുന്നു ടി.കെ.ജോണ്‍.അന്ന് സിനിമയില്‍ പ്രേംനസീര്‍ എങ്ങനെയായിരുന്നോ അതായിരുന്നു നാടകലോകത്ത് ജോണും. ഒത്ത ശരീര ഘടനയും സൗന്ദര്യവും ഘനഗംഭീരമായ ശബ്ദവും കരചലനങ്ങളുടെ പ്രത്യേകതയുംകൊണ്ട് അരങ്ങു തകര്‍ത്ത ജോണിന്റെ സാന്നിധ്യമായിരുന്നു കാണികള്‍ക്ക് ഇമ്പം. അതിസൂക്ഷ്മമായ ചലനങ്ങളും ശബ്ദത്തിലെ ആരോഹണാവരോഹണങ്ങളുംകൊണ്ട് കഥാപാത്രങ്ങള്‍ ജോണില്‍ എപ്പഴും ഭദ്രമായിരുന്നു.
അകലെയുള്ള പ്രേക്ഷകനുപോലും ജോണിന്റെ ശബ്ദംകേട്ടാല്‍ അരങ്ങില്‍ അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രത്തെ കാണുംപോലുള്ള പ്രതീതിയുണ്ടായിരുന്നു. കേള്‍വിയിലൂടെപോലും കഥാപാത്രത്തെ സ്വന്തം പ്രേക്ഷകനെ തിരിച്ചറിപ്പിക്കുന്ന സിദ്ധി ജോണിനെപ്പോലെ അധികം ആര്‍ക്കുമുണ്ടെന്നു തോന്നുന്നില്ല.തനതു രീതികള്‍കൊണ്ട് അരങ്ങിനെ മാറ്റിയെടുത്ത നടനും സംവിധായകനുമാണ് ജോണ്‍.
അരനൂറ്റാണ്ടധികമാണ് ജോണിന്റെ അരങ്ങനുഭവം. അക്കാലത്തിനിടയില്‍ ജോണിന്റെതായി പതിനായിരത്തിലധികം നാടക വേദികള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ആദ്യകാല പ്രഫഷണല്‍ നാടക സമിതികളായ കൊല്ലം കാളിദാസ കലാകേന്ദ്രം,കോട്ടയം നാഷണല്‍ തിയറ്റേഴ്‌സ്,കെപിഎസി,ആറ്റിങ്ങള്‍ ദേശാഭിമാനി തിയറ്റേഴ്‌സ് തുടങ്ങിയവയില്‍ കളിച്ചു തിളങ്ങിയശേഷം ജോണ്‍ വൈക്കം മാളവികയ്‌ക്ക് രൂപം നല്‍കി.
തുടര്‍ന്ന് മാളവിക ജോണെന്ന് അറിയപ്പെട്ടു. മാളവികാ നാടകങ്ങളുടെ നിര്‍മാതാവും സംവിധായകനും അദ്ദേഹമായിരുന്നു. നൂറുകണക്കിനു വേദികള്‍ പിന്നിട്ടതാണ് മാളവികയുടെ എല്ലാ നാടകങ്ങളും.കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യനാടകമായ ഡോക്ടര്‍ ല്‍ പ്രധാന കഥാപാത്രമായ ഡോക്ടറായി വേഷമിട്ടുകൊണ്ടു വേദിയിലെത്തിയ ടി.കെ.ജോണ്‍ അരങ്ങുതന്നെ കീഴടക്കുന്നതാണ് പ്രഫഷണല്‍ നാടകലോകം പിന്നീടങ്ങോട്ടു കണ്ടത്.
2007ല്‍ ‘വിളംബരക്കാരന്‍’ എന്ന നാടകമാണ് ജോണ്‍ അവസാനമായി സംവിധാനം ചെയ്തത്. കന്മദം,അരയന്നങ്ങളുടെ വീട്,മണിയറക്കള്ളന്‍,വജ്‌റം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് സിനിമയെപ്പോലെ ഒരുപക്ഷേ അതിനെക്കാളുപരി കേരളം നാടകരാവുകളെ നെഞ്ചേറ്റിയതുകൊണ്ടാവണം ജോണിനെപ്പോലുള്ള പ്രതിഭകള്‍ സിനിമയിലേക്കു കൂടുതലായി ചേക്കേറാതിരുന്നത്.
അദ്ദേഹത്തിന്റെ പ്രതിഭയുടെ മികവിനു അംഗീകാരമായി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ടി.കെ.ജോണ്‍ ഓര്‍മ്മയായെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷക മനസില്‍ ഇനിയും നാടകം കളിക്കും.
















