ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരായ ആദായനികുതി കേസുകള്‍ വേഗത്തിലാക്കാന്‍ ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
അഴിമതിക്കെതിരായ പോരാട്ടം ആത്മാര്‍ഥമാണെന്നു തെളിയിക്കാന്‍ കാര്‍ത്തി ചിദംബരത്തിനെതിരായ കേസുകള്‍ വേഗത്തിലാക്കണമെന്ന് താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്വാമി പറഞ്ഞു. ഇതു സംബന്ധിച്ച് സ്വാമി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കു കത്തു നല്‍കി.
കാര്‍ത്തിയുടെ വീടും ഓഫീസും റെയ്ഡ് ചെയ്ത ഇന്‍കം ടാക്‌സ് വകുപ്പിന്റെ ചെന്നൈ യൂണിറ്റ് നിരവധി രേഖകള്‍ കണ്ടെത്തിരുന്നതായി സ്വാമി തന്റെ കത്തില്‍ പറയുന്നു. വിദേശത്ത് നിയമവിരുദ്ധമായ വലിയ നിക്ഷേപങ്ങളുള്ളതിന്റേയും രഹസ്യ ബാങ്ക് അക്കൗണ്ടുകളുടേയും രേഖകളാണ് കണ്ടെത്തിയത്.
എന്നാല്‍ യുപിഎ സര്‍ക്കാരിനോട് ഇപ്പോഴും കൂറു പിലര്‍ത്തുന്ന ചില ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. കാര്‍ത്തിക്ക് വിദേശത്ത് നിരവധി അനധികൃത ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സ്വാമി പറഞ്ഞിരുന്നു.
കാര്‍ത്തിക്കെതിരെ നടപടിയെടുക്കാന്‍ ധനകാര്യ മന്ത്രാലയം മടിക്കുകയാണ്. ചിദംബരം നിയമിച്ച നിരവധി ഉദ്യോഗസ്ഥര്‍ ഇപ്പോഴും മന്ത്രാലയത്തിലുളളതു കൊണ്ടാണ് ഈ മെല്ലെപ്പോക്കെന്നും കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
















