ജയ്‌പൂര്‍: പഠിക്കുന്നത് പത്താം ക്ലാസില്‍. കേരളത്തിലാണെങ്കില്‍ എസ്എസ്എല്‍സി പരിക്ഷയ്‌ക്കു മരിച്ചു പഠിക്കേണ്ട സമയം. എന്നാല്‍ ഇവര്‍ മൂന്നു പേരും പുത്തന്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന്റെ ആശയങ്ങള്‍ വിശദീകരിക്കാനുള്ള തിരക്കിലായിരുന്നു. പറഞ്ഞതെല്ലാം ഇന്‍ഡോറില്‍ നിന്നുളള ഗ്രൂപ്പിനു മനസ്സിലായപ്പോള്‍ അവര്‍ തീരുമാനിച്ചത് മുന്നു കോടി മുതല്‍ മുടക്കാന്‍. അങ്ങനെ പതിനഞ്ചാമത്തെ വയസില്‍ ചെതന്യ ഗോലെച്ച, മൃഗാങ്ക് ഗുജ്ജര്‍, ഉത്സവ് ജെയിന്‍ എന്നീ കൊച്ചുമിടുക്കന്മാര്‍ അവരുടെ സ്റ്റാര്‍ട്ട് കമ്പനിക്കു തുടക്കം കുറിക്കുന്നു, മൂന്നു കോടി മുതല്‍ മുടക്കില്‍.
ജയ്‌പ്പൂരിലെ നീരജ മോദി സ്‌കൂളില്‍ പഠിക്കുന്ന ഇവര്‍ മൂവരും. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്ത സ്വാദിഷ്ടമായ കുടിവെള്ളമാണ് ഇവരുടെ ഉത്പന്നം. പഞ്ചസാര, സോഡ തുടങ്ങിയവയൊന്നും ചേര്‍ക്കില്ല. ഇന്‍ഫ്യൂഷന്‍ ബിവ്‌റേജസ് എന്ന കമ്പനി ബ്രാന്‍ഡ് നെയിമില്‍ കേരയും റോസുമടക്കം മൂന്നു ഫ്‌ളേവറുകളില്‍ ബോട്ടില്‍ വാട്ടര്‍ തയാറാക്കിയാണ് കഴിഞ്ഞ ഏപ്രിലില്‍ സ്വന്തം സ്‌കൂളില്‍ സംഘടിപ്പിച്ച സംരംഭകോത്സവത്തില്‍ പങ്കെടുത്തത്. എന്നാല്‍ ആദ്യ റൗണ്ടില്‍ത്തന്നെ ഇവര്‍ പുറത്തായി. അവര്‍ നിരാശരായില്ല. പ്രൊഡക്റ്റ് അവതരിപ്പിക്കാന്‍ അവസരം കിട്ടിയ ആദ്യത്തെ ഒറ്റമണിക്കൂറില്‍ 150 ബോട്ടിലുകള്‍ വില്‍ക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് ആത്മവിശ്വസമേകി.
പ്രിസര്‍വേറ്റീവുകള്‍ ഇല്ലാത്ത ഹെല്‍ത്തി വാട്ടര്‍ എന്ന ആശയവുമായി ശ്രമം തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ മനസിലായത്. ലൈസന്‍സ്, ഫുഡ് സേഫ്റ്റ് കമ്മീഷന്റെ അനുമതി അങ്ങനെ പലതും. മാതാപിതാക്കളുടെ പേരിലാണ് ഇതെല്ലാം ശരിയാക്കിയത്. ആശയം പ്രാവര്‍ത്തികമാക്കാനുള്ള കൂടുതല്‍ നീക്കങ്ങള്‍ തുടര്‍ന്നു. കാണ്‍പൂര്‍ ഐഐടി, ഇന്‍ഡോര്‍ ഐഐഎം, മാളവ്യ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഒഫ് ടെക്‌നോളജി(എംഎന്‍ഐടി) എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റുകളില്‍ പങ്കെടുത്തു. പേറ്റന്റ് ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ എംഎന്‍ഐടി ഈ കുട്ടികളെ സഹായിച്ചു.
ജനുവരി വരെ എണ്ണായിരം ബോട്ടിലുകള്‍ ഇവര്‍ വിറ്റു. കൂടുതല്‍ പ്രഫഷണലാവാനുള്ള ശ്രമത്തിലാണ് മുതല്‍ മുടക്കാന്‍ ആളെ അന്വേഷിച്ചത്. ഇന്‍ഡോറിലുള്ള ഒരു കമ്പനി ഇവരെ ചര്‍ച്ചക്കു വിളിച്ചത് ജനുവരിയില്‍. ഒരു മണിക്കൂറിനുള്ളില്‍ പ്രൊഡക്റ്റിന്റെ സവിശേഷതകള്‍ മനസിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞെന്നു പറയുന്നു, മൃഗാങ്ക് ഗുജ്ജര്‍. ഇന്‍ഡോറില്‍ പ്ലാന്റ് നിര്‍മിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങാനാണ് പദ്ധതി. ഇതിന്റെ തിരക്കിലേക്കു പോകും മുമ്പ് മറ്റൊു പ്രധാന കാര്യം പൂര്‍ത്തിയാക്കാനുണ്ട്. പത്താം ക്ലാസ് ബോര്‍ഡ് എക്‌സാം. അതിനുള്ള തയാറെടുപ്പിലാണ് മൂവരകും.
















