ന്യൂദൽഹി: വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ അക്രമത്തിനിരയാകുമ്പോൾ സർക്കാർ മൗനം പാലിച്ചിരിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അമേരിക്കയിൽ ഇന്ത്യക്കാർക്ക് നേരെ വംശീയ ആക്രമണങ്ങൾ ഉണ്ടായതു സംബന്ധിച്ചു സംസാരിക്കവേയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ സർക്കാരിന്റെ പ്രഥമ പരിഗണനാ വിഷയമാണെന്നും സുഷമ ലോക്സഭയിൽ പറഞ്ഞു.
അമേരിക്കൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അക്രമങ്ങളെക്കുറിച്ച് അമേരിക്കൻ സർക്കാരിനെ വിശദമായി ധരിപ്പിക്കുകയും ചെയ്തു. അടിയന്തര അന്വേഷണം വേണമെന്നും കർശന നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി.
അമേരിക്കയിലേക്കു യാത്ര പോകുന്ന ഇന്ത്യക്കാർക്കു പ്രത്യേക യാത്ര ഉപദേശം നൽകേണ്ട കാര്യമില്ല. വംശീയ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവമാണ്. അമേരിക്കയിൽ പൊതുവേ ഇന്ത്യക്കാർക്കെതിരായ വികാരമില്ലെന്നും സുഷമ വ്യക്തമാക്കി.
അമേരിക്കൻപ്രസിഡന്റ് ഡോ ണൾഡ് ട്രംപ് ഉൾപ്പടെ അമേരിക്കൻ നേതാക്കൾ വംശീയ ആക്രമങ്ങളെ തള്ളിപ്പറഞ്ഞതും സുഷമ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ പ്രതികരിക്കാൻ അലംഭാവം കാണിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെയും സുഷമ തള്ളി.
അമേരിക്കയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ ശ്രീനിവാസ് കുച്ചിബോലയുടെ ഭാര്യ എഴുതിയ കത്തിലെ വരികളും സുഷമ സഭയിൽ വായിച്ചു. അടിയന്തര നടപടി എടുത്തതിൽ ഇന്ത്യൻ എംബസിക്കു നന്ദി പറഞ്ഞു കൊണ്ടുള്ളതായിരുന്നു കത്ത്.
















