ന്യൂദല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടിയ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടുതല്‍ പേടിക്കണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. മോദി വീണ്ടും പ്രധാനമന്ത്രിയാവാനുള്ള സാധ്യതയാണുള്ളത് എന്ന തരത്തിലവാണ് ഇന്ത്യയിലെ സാഹചര്യത്തോട് പാര്‍ട്ടിയുടെ പ്രസിദ്ധീകരണം പ്രതികരിച്ചിരിക്കുന്നത്.
നിര്‍ണായകമായ പല പ്രശ്‌നങ്ങളിലും ഇനി വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ട എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദേശകാര്യ പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് പറയുന്നത്. ആഭ്യന്തരകാര്യങ്ങളിലും വിദേശ കാര്യങ്ങളിലും പ്രധാനമന്ത്രി മോദിയുടെ നിലപാടു കൂടുതല്‍ കര്‍ക്കശമാകുമെന്നും മുന്നറിയിപ്പു നല്‍കുന്നു.
കര്‍ക്കശക്കാരനായ ഒരാള്‍ക്കുള്ള ഗുണങ്ങള്‍ മോദിക്കുള്ളത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസ് എഴുതുന്നു. കരുത്തുറ്റ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നുണ്ട്. ഒരു തീരുമാനെമെടുത്താല്‍ അതു നടപ്പാക്കാനുള്ള നിശ്ചയദാര്‍ഢ്യം മോദി പ്രകടിപ്പിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ എപ്പോഴും വിട്ടുവീഴ്ച്കള്‍ക്കു തയാറായിരുന്ന ഇന്ത്യയുടെ മുന്‍ നിലപാടുകള്‍ മോദിക്കു ശേഷം മാറിയെന്നത് ഓര്‍ക്കണം.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് ഗ്ലോബല്‍ ടൈംസ് പ്രത്യേകം സൂചിപ്പിക്കുന്നു. ഇക്കാര്യത്തില്‍ പരിഹാരത്തിന്റെ ചെറിയ സൂചനകള്‍ പോലുമില്ല. മാത്രമല്ല മോദി കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത് ചില സന്ദേശങ്ങള്‍ നല്‍കുന്നതിനു തുല്യമായാണ് ചൈനീസ് പത്രം കാണുന്നത്.
ചൈനയുമായും റഷ്യയുമായും ഇന്ത്യക്കുള്ള ബന്ധത്തില്‍ കാലാനുസൃതമായ മാറ്റത്തിന് മോദി ശ്രമിക്കുന്നത് കാണാതിരിക്കുന്നില്ല. എന്നാല്‍ ഈ ബന്ധത്തെ സന്തുലിതമാക്കാന്‍ മോദി തന്ത്രപരമായും സമര്‍ഥമായും നീക്കം നടത്തുന്നുണ്ട്. അമേരിക്കയുമായും ജപ്പാനുമായുള്ള സൈനിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തി. ഏഷ്യ-പസഫിക് മേഖലയിലും ദക്ഷിണ ചൈനാ സമുദ്രത്തിലും അമേരിക്കന്‍ താത്പര്യങ്ങള്‍ക്കൊപ്പമാണെന്ന ഇന്ത്യ നല്‍കുന്നത്.
















