പനാജി: പരേക്കര്‍ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞ്‌പോക്ക് ശക്തമാകുന്നു. ഗോവ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എയായ സാവിയോ റോഡ്രിഗസ് രാജിവച്ചതാണ് പുതിയ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ ദിവസം വിശ്വജിത് റാണ കോണ്‍ഗ്രസ് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റോഡ്രിഗസും പാര്‍ട്ടി വിട്ടിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി എംഎല്‍എയായ സാവിയോ റോഡ്രിഗസ് രാജിവച്ചതായി ടൈംസ് നൗവാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗോവയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ദിഗ്വിജയ് സിംഗിനാണെന്നും രാഹുല്‍ ഗാന്ധി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും സാവിയോ റോഡ്രിഗസ് ആരോപിക്കുന്നു.
കോണ്‍ഗ്രസ് എംഎല്‍എയും ഗോവയിലെ മുതിര്‍ന്ന നേതാവുമായ വിശ്വജിത് റാണെ കഴിഞ്ഞദിവസം പാര്‍ട്ടിവിട്ടിരുന്നു. മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടുന്നതിനു തൊട്ടുമുന്പ് കോണ്‍ഗ്രസിനു വന്‍ തിരിച്ചടി സമ്മാനിച്ച് നിയമസഭയില്‍നിന്നിറങ്ങിപ്പോയ ശേഷമാണ് റാണെ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയിരുന്നെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് റാണെയ്‌ക്കായിരുന്നു. അഞ്ചുതവണ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിച്ച പ്രതാപ് റാണെയുടെ മകനാണ് വിശ്വജിത് റാണെ.
















