ന്യൂദല്‍ഹി: അഗ്നി അഞ്ച് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതില്‍ വിറളിപൂണ്ട ചൈന വന്‍തോതില്‍ മിസൈലുകള്‍ നിര്‍മിക്കാന്‍ പാക്കിസ്ഥാനുമായി സഹകരിക്കുന്നു. വിമാനങ്ങളെയും കപ്പലുകളെയും തകര്ക്കുന്നതുള്പ്പെടെയുളള മിസൈലുകള്‍ വന്‍തോതില്‍ നിര്‍മിക്കാന്‍ ഇരുരാജ്യങ്ങളും പദ്ധതി തയ്യാറാക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാന് പട്ടാള തലവന്‍ ഖമാര്‍ ബാജ്വയും ചൈനീസ് പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച് ബീജിംഗില്‍ ചര്‍ച്ച നടത്തി. മിസൈലുകള്‍ക്ക് പുറമെ ഭാരം കുറഞ്ഞതും പലവിധത്തില്‍ ഉപയോഗിക്കാവുന്നതുമായ എഫ്സി -1 സിയാവോലോംഗ് യുദ്ധവിമാനവും സംയുക്തമായി നിര്‍മിക്കുമെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് പത്രം പറയുന്നു.
ചൈനയിലെ ഭീകരസംഘടനയായ പൂര്‍വ ടര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റ് ഉള്‍പ്പെടെയുളള ഭീകര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
ചൈന- പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിക്ക് (സിപിഇസി)സുരക്ഷയുറപ്പാക്കുമെന്ന് ഇസ്ലാമാബാദ് ഉറപ്പുനല്‍കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
സിപിഇസിയുടെ സുരക്ഷയ്ക്കായി പാക്കിസ്ഥാന് 15000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. സിപിഇസി പദ്ധതിയുടെ മുഖ്യ ഘടകമായ ഗൗഡാര്‍ തുറമുഖം സംരക്ഷിക്കുന്നതിന് പാക്കിസ്ഥാന് നേവിയെ ചുമതലപ്പെടുത്തിയതായും ചൈനയിലെ പാക്കിസ്ഥാന് അംബാസഡര്‍ മസൂദ് ഖാലിദ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ചൈന പാക്കിസ്ഥാനില്‍ വന്‍ നിക്ഷേപമാണ് നടത്തുന്നത്.താലിബാന് ഉള്‍പ്പെടെയുളള ഭീകരരുടെ ഭീഷണിയുളളതിനാല്‍ സുരക്ഷയ്ക്ക് സൈന്യത്തിന്റെ സഹായം ആവശ്യമാണെന്ന് ചൈനീസ് പട്ടാള ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: