ചെന്നൈ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെയും പരേതനായ തെലുങ്ക് നടന്‍ ശോഭന്‍ബാബുവിന്റെയും മകനെന്ന അവകാശവാദവുമായി രംഗത്തെത്തിയ യുവാവിനോട് തെളിവ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
കൃഷ്ണമൂര്‍ത്തിയെന്ന യുവാവാണ് ജയയുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. സാമൂഹ്യപ്രവര്‍ത്തകനായ കെ.ആര്‍.രാമസ്വാമിയ്‌ക്കൊപ്പമാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തില്‍ ഈ മാസം 24ന് മുമ്പ് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇൗ റോഡ് സ്വദേശിയാണ് കൃഷ്ണമൂര്‍ത്തി. ദത്തുനല്‍കല്‍ രേഖയടക്കം നിരവധി രേഖകളുമായാണ് കൃഷ്ണമൂര്‍ത്തി കോടതിയെ സമീപിച്ചത്. എന്നാല്‍ പല രേഖകളും വ്യാജമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് മഹാദേവന്‍ ഇവ വ്യാജമെന്ന് തെളിഞ്ഞാല്‍ കൃഷ്ണമൂര്‍ത്തിയെ ജയിലിലടയ്‌ക്കുമെന്ന മുന്നറിയപ്പും നല്‍കി.
തന്നെ ജയലളിതയുടെ മകനായി പ്രഖ്യാപിക്കണമെന്നും അവരുടെ സ്വത്തുക്കള്‍ക്ക് അവകാശിയാക്കണമെന്നും ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടു. തനിയ്‌ക്ക് സംരക്ഷണം നല്‍കണമെന്ന് പോലീസ് മേധാവിയോടും ഇദ്ദേഹം ആവശ്യപ്പെട്ടു. ജയലളിതയുടെ തോഴി ശശികലയുടെ കുടുംബത്തില്‍ നിന്ന് തനിയ്‌ക്ക് ഭീഷണി നേരിടുന്നുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
















