കണ്ണൂര്‍: മഴ കനത്തതോടുകൂടി ജില്ലയിലെ ആശുപത്രികളില്‍ പനി ബാധിതരുടെ തിരക്ക് വര്‍ദ്ധിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിതരെക്കൊണ്ട് നിറഞ്ഞ നിലയിലാണ്. ഇന്നലെ മാത്രമായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലായി 1530 രോഗികളാണ് ചികിത്സതേടിയത്. വൈറല്‍പ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരാണ് ഇന്നലെ ചികിത്സ തേടിയതില്‍ ഭൂരിഭാഗവും. മഴകനത്തതോടുകൂടി കൊതുകുകളുടെ എണ്ണത്തില്‍ ക്രമാതീതമായി ഉണ്ടായ വര്‍ദ്ധനയാണ് ഇതുപോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ വലയുകയാണ്. പല ആശുപത്രികളിലും പകലും രാത്രിയിലും രോഗികളുടെ നീണ്ടനിരതന്നെ ഉണ്ടാകാറുണ്ട്. ഒപി സമയം കഴിഞ്ഞാലും ആശുപത്രിയിലെ തിരക്ക് ഒഴിയാത്ത അവസ്ഥയാണ്. ഉച്ച കഴിഞ്ഞാല്‍ പലപ്പോഴും ഡോക്ടര്മാരുടൈ എണ്ണം കുറയുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. അതിനാല്‍ പലയിടത്തും മണിക്കൂറുകള്‍ കാത്തുനിന്നാല്‍ മാത്രമേ രോഗിക്ക് ഡോക്ടറെ കാണുന്നതിന് സാധിക്കൂ എന്ന അവസ്ഥയാണ്.
പകര്‍ച്ചപ്പനി വ്യാപകമായിട്ടും രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിലെ ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരെയും, ഡ്യൂട്ടി നഴ്സുമ്മാരെയും നിയമിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. പല ആശുത്രികളിലും രാത്രികാലങ്ങളില്‍ ചികിത്സയ്ക്കായി എത്തുന്നവരില്‍ പലരും ക്യൂവില്‍ നിന്ന് തലചുറ്റി വീഴാറുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവുമൂലം പല രോഗികളും സ്വകാര്യ ആശൂപത്രിയെ ആശ്രയിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഈ സാഹചര്യം മുതലാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. ആശുത്രിയില്‍ ചെറിയ രോഗം ബാധിച്ചെത്തുന്ന രോഗികളെപ്പോലും വലിയ ടെസ്റ്റുകള്ക്കയച്ച് ഡോക്ടര്‍മാര്‍ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: