തിരുവനന്തപുരം: ഹയര്‍സെക്കന്ററി വിദ്യാഭ്യാസമേഖലയെ സര്‍ക്കാര്‍ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നെന്ന് എന്‍ടിയു ആരോപിച്ചു. ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് അധിക ജോലിഭാരം അടിച്ചേല്‍പ്പിച്ച് ഖജനാവിന് ലാഭമുണ്ടാക്കാനുള്ള ധനവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പും ഒത്താശ ചെയ്യുന്നതായാണ് വിദ്യാഭ്യാസമന്ത്രിയുടെ നിയമസഭയിലെ മറുപടി വ്യക്തമാക്കുന്നത്.
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ചോര്‍ത്താനും മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. 2002 മുതല്‍ സംസ്ഥാനത്ത് നിലവിലുള്ള സ്പെഷ്യല്‍ റൂള്‍ മാറ്റി ഏഴ് പിരീയഡുവരെ പഠിപ്പിക്കുന്നതിന് കരാര്‍ അദ്ധ്യാപകരെ നിയമിക്കാനാണ് ധനവകുപ്പിന്റെ ശുപാര്‍ശ.
ഇതുമൂലം നിരവധി അദ്ധ്യാപകരുടെ തസ്തിക നഷ്ടപ്പെടാനും പുതിയ അദ്ധ്യാപകര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കാനും സാദ്ധ്യതയുണ്ട്. ഏതുതരം കരാര്‍ നിയമനത്തിനുമെതിരെ കഴിഞ്ഞ സപ്തംബറില്‍ ദേശീയ പണിമുടക്ക് നടത്തിയവര്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പോലുള്ള നിര്‍ണായക മേഖലയില്പോലും കരാര്‍ നിയമനത്തിന് ശ്രമിക്കുന്നത് അത്ഭുതപ്പെടുത്തുന്നതായും എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: