കോണ്‍ഗ്രസില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തോടുള്ള എതിര്‍പ്പ് വ്യാപകമാവുകയാണ്. മുന്‍കാലങ്ങളിലെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ അപേക്ഷിച്ച് മുതിര്‍ന്ന നേതാക്കള്‍ പലരും പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. ഇതുവരെ പാര്‍ട്ടിയില്‍ അടങ്ങിക്കഴിഞ്ഞ മുതിര്‍ന്ന നേതാക്കള്‍തന്നെ കലാപക്കൊടി ഉയര്‍ത്തുന്നു എന്ന പ്രതേ്യകതയുമുണ്ട്. കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗം സത്യവ്രത ചതുര്‍വേദി അഭിപ്രായപ്പെട്ടത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് നേതൃമാറ്റം ആവശ്യമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ആവശ്യമുണ്ടായ സമയത്ത് അവരത് ചെയ്തില്ല’ എന്നാണ് ചതുര്‍വേദി പ്രതികരിച്ചത്. രാഹുല്‍ പണ്ടേ നേതൃസ്ഥാനം ഒഴിയണമായിരുന്നു എന്ന വ്യക്തമായ സൂചനയാണിത്. കോണ്‍ഗ്രസ് ദേശീയപാര്‍ട്ടി അല്ലാതായിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നേതാവ് മണിശങ്കര്‍ അയ്യര്‍ നേതൃമാറ്റം അനിവാര്യമാണെന്ന സൂചന നല്‍കിയത്. നേതൃമാറ്റം വേണമെന്ന് നേരത്തെ ഇടഞ്ഞുനില്‍ക്കുന്ന ഷീലാ ദീക്ഷിതിന്റെ മകന് സഞ്ജയ് ദീക്ഷിതും ആവശ്യപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനാണ് സത്യവ്രത ചതുര്‍വേദി. നെഹ്റു കുടുംബത്തിന്റെ വക്താവായി അറിയപ്പെടുന്നയാളാണ് മണിശങ്കര്‍ അയ്യര്‍. പാളയത്തില്‍തന്നെയാണ് പടയെന്ന് ഇരുവരുടെയും പ്രതികരണങ്ങള്‍ തെളിയിക്കുന്നു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയവും, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഗോവയിലും മണിപ്പൂരിലും ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞു എന്നതുമാണ് രാഹുലിനെതിരായ നീക്കം ശക്തിപ്പെടാന്‍ കാരണം. ഗോവയിലും മണിപ്പൂരിലും പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനോ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കാനോ കോണ്‍ഗ്രസിന് കഴിയാതിരുന്നത് രാഹുലിന്റെ പിടിപ്പുകേടാണെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. കോണ്‍ഗ്രസിന് പിന്തുണ നല്കാന് ദല്‍ഹിയിലെത്തി കാത്തുകിടന്ന മൂന്നംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി േനതാവ് വിജയ് സാര്‍ദേശായിയെ കാണാന്‍ പോലും രാഹുല്‍ കൂട്ടാക്കാതിരുന്നത് പാര്‍ട്ടി നേതാക്കളില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിരിക്കുകയാണ്. ബിജെപിയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റ മനോഹര്‍ പരീഖര്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ ഇറങ്ങിപ്പോയ കോണ്‍ഗ്രസ് എംഎല്‍എ വിശ്വജിത്ത് റാണെ പിന്നീട് പാര്‍ട്ടിയില്‍നിന്നും രാജിവച്ചു. റാണെയുടെ ചുവടുപിടിച്ച് സാവിയോ റോഡ്രിഗസ് എന്ന എംഎല്‍എയും പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഇക്കണക്കിനു പോയാല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിപോലുമല്ലാതാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അഞ്ച് എംഎല്‍എമാരുടെ പിന്തുണ റാണെക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ കണക്കിലെടുക്കുമ്പോള്‍ മുന്മുഖ്യമന്ത്രിയായ പ്രതാപ്സിംഗ് റാണെയുടെ മകനായ വിശ്വജിത്തിന്റെ നേതൃത്വത്തില്‍ ഗോവയിലെ കോണ്‍ഗ്രസ് പിളര്‍പ്പിലേക്കാണ് നീങ്ങുന്നതെന്ന് കരുതണം.
2004 ല്‍ പാര്‍ട്ടി എംപിയായ രാഹുലിന്റെ രാഷ്ട്രീയ ജീവിതം പരാജയങ്ങളുടെ ആകെത്തുകയാണ്. നാല് സീറ്റ് മാത്രം കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞ 2010 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയതാണിത്. എന്നാല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തലയില്‍ കെട്ടിവച്ച് തടിയൂരുകയായിരുന്നു അന്ന് അമ്മയും മകനും. 10 വര്‍ഷം നീണ്ട കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് നടന്ന ഒട്ടുമിക്ക നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ദയനീയമായി തോറ്റു. പ്രാദേശിക നേതൃത്വത്തിന്റെ മികവുകൊണ്ട് എവിടെയെങ്കിലും ജയിച്ചാല്‍ അത് രാഹുലിന്റെ നേട്ടമായി ചിത്രീകരിക്കപ്പെട്ടു. നിരന്തരമായ പരാജയങ്ങളുടെ പശ്ചാത്തലത്തിലാണ് 2013 ല്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷനായി രാഹുലിനെ പ്രതിഷ്ഠിച്ചത്. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും സര്‍ക്കാരുണ്ടാക്കി പ്രധാനമന്ത്രിക്കസേരയില്‍ മകനെ കയറ്റിയിരുത്താമെന്ന കണക്കുകൂട്ടലായിരുന്നു അമ്മ സോണിയയ്ക്ക്. കടുത്ത മോഹഭംഗമാണ് ഇക്കാര്യത്തിലുണ്ടായത്. 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി പിണഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്വന്തം നിലയ്ക്ക് ചരിത്രപരമായ ഭൂരിപക്ഷം നേടിയ ബിജെപി സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. രാഹുലിനെ മുന്നില്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ പരാജയത്തിന്റെ ഉത്തരവാദിത്വവും രാഹുലിനായിരുന്നു. കഴിവുകേടിന്റെ പര്യായമായ രാഹുല്‍ നേതൃത്വമൊഴിയണമെന്ന് പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നെങ്കിലും സോണിയ വഴങ്ങിയില്ല.
ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും മുഖംരക്ഷിക്കാനുള്ള ഒരു വിജയം ഒപ്പിച്ചെടുത്ത് രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ മേല്‍വിലാസം പോലും നഷ്ടമാക്കിയ തോല്‍വി സംഭവിച്ചത്. പരമാവധി ശ്രമിച്ചിട്ടും വിറ്റഴിക്കാനാവാത്ത ചരക്ക് എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പം ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ട്. ആദര്‍ശധീരനായി അറിയപ്പെടുന്ന എ.കെ. ആന്റണി ചിത്രത്തിലേ ഇല്ല. തന്റെ വാക്കുകള്‍ വിലപ്പോകുന്നില്ലെങ്കില്‍ അദ്ദേഹം അത് തുറന്നുപറയട്ടെ. മുതിര്‍ന്ന നേതാക്കള്‍ ആഗ്രഹിക്കുന്നതുപോലെയാണെങ്കില് രാഹുല്‍ ഉപാധ്യക്ഷസ്ഥാനം ഒഴിയണം. ഉപാധ്യക്ഷനായിരിക്കാന് യോഗ്യതയില്ലാത്തയാള്‍ അധ്യക്ഷനാവുന്നതില്‍ തികഞ്ഞ അനൗചിത്യമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന് വേണ്ടത് മിനുക്കുപണിയല്ല, ഘടനാപരമായ മാറ്റങ്ങളാണ്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കടുംവെട്ട്. ഇതിന് രാഹുല്‍ മാത്രം രാജിവച്ചാല്‍ പോരാ. അമ്മ അധ്യക്ഷസ്ഥാനവും ഒഴിയണം. ഇതിനുള്ള കരുത്ത് ആ പാര്‍ട്ടിയില്‍ അവശേഷിക്കുണ്ടോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: