രാജ്യത്ത് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കൃത്രിമം കാട്ടാനാവാത്തവിധം സുരക്ഷിതമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധത സംരക്ഷിക്കുന്നതിന് വിനിയോഗിച്ചിട്ടുള്ള ഫലപ്രദമായ സാങ്കേതികവും നിര്‍വ്വഹണപരവുമായ എല്ലാ രക്ഷാവ്യവസ്ഥകളുടെയും പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ യാതൊരു കൃത്രിമവും കാട്ടാനാവില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് ശേഷം ചില രാഷ്ട്രീയ കക്ഷികള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്ത് രംഗത്ത് വന്നിരുന്നു. വ്യക്തമായ ആരോപണമില്ലാതെ ഈ മാസം 11ന് ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നിവേദനം വിശദമായ മറുപടിയോടെ അതേദിവസം തന്നെ കമ്മീഷന് നിരസിച്ചിരുന്നു. ഇതിന്റെ പൂര്‍ണ്ണരൂപം കമ്മീഷന്റെ വെബ്സൈറ്റായ ംംം.ലരശ.ിശര.ശി.ല്‍ ലഭ്യമാണ്.
1977 ഡിസംബറിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എന്ന ആശയം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് വച്ചത്. 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് 1988 ഡിസംബറിലാണ് 61എ എന്ന ഉപവകുപ്പ് നിയമത്തില്‍ ഉള്‍ക്കൊള്ളിച്ച് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ കമ്മീഷനെ അധികാരപ്പെടുത്തിയത്. 1989 മാര്‍ച്ച് 15 മുതല്‍ ഭേദഗതി ചെയ്യപ്പെട്ട വകുപ്പിന് പ്രാബല്യം കൈവന്നു. 1990 ജനുവരിയില്‍ നിയമിച്ച തെരഞ്ഞെടുപ്പ് പരിഷ്ക്കരണ സമിതി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിലയിരുത്തലിനായി ഒരു സാങ്കേതിക വിദഗ്ദ്ധ സമിതി രൂപീകരിച്ചു. തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് തികച്ചും സുരക്ഷിതമായ സംവിധാനമാണെന്ന് സമിതി വിലയിരുത്തി. ഒട്ടും കാലതാമസം കൂടാതെ ഇവ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കണമെന്ന് 1990 ഏപ്രിലില്‍ സമിതി ഐക്യകണ്ഠേന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
2000ത്തിന് ശേഷം സംസ്ഥാന നിയമസഭകളിലേക്ക് നടന്ന 107 പൊതു തെരഞ്ഞെടുപ്പുകളിലേക്കും, 2004, 2009, 2014 എന്നീ വര്‍ഷങ്ങളില്‍ നടന്ന മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. 2001ന് ശേഷം കേരളമുള്‍പ്പെടെ അഞ്ച് ഹൈക്കോടതികളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാനുള്ള സാധ്യത ഉന്നയിക്കപ്പെട്ടു. ഈ അഞ്ച് ഹൈക്കോടതികളും തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സാങ്കേതികവും നിര്‍വ്വഹണപരവുമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇവ തികച്ചും വിശ്വാസ്യതയുള്ളതും ആശ്രയിക്കാവുന്നതും പൂര്‍ണ്ണമായും കൃത്രിമങ്ങള്‍ക്ക് അതീതവുമാണെന്നും കണ്ടെത്തി. 2009 ല്‍ ഇതേ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയപ്പോള് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇവരുമായി ചര്‍ച്ച നടത്തുകയും കമ്മീഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ എപ്രകാരം കൃത്രിമം കാട്ടാമെന്ന് തുറന്ന വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ കഴിഞ്ഞില്ല. ഇവയെല്ലാം വീഡിയോയില്‍ ചിത്രീകരിച്ചിട്ടുമുണ്ട്. 2009 ആഗസ്റ്റ് 3 മുതല്‍ 8 വരെ അസാധാരണമായൊരു നടപടിയിലൂടെ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിച്ചവരെ അത് തെളിയിക്കാനായി കമ്മീഷന് നേരിട്ട് ക്ഷണിച്ചിരുന്നു. 10 സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന 100 വോട്ടിംഗ് യന്ത്രങ്ങള്‍ കമ്മീഷന് ആസ്ഥാനത്ത് പരിശോധനയ്ക്കായും ഏത് തരത്തിലുമുള്ള കൃത്രിമം കാട്ടാനുമായി പ്രദര്‍ശിപ്പിച്ചിരുന്നു. സാങ്കേതിക വിദഗ്ദ്ധരുടെയും ഇല്ക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ നിര്‍മ്മാതാക്കളായ വിഇഎല്, ഇസിഐഎല്‍ എന്നിവയുടെ എഞ്ചിനീയര്‍മാരുടെയും സാന്നിദ്ധ്യവും ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ പരാതി ഉന്നയിച്ച ഒരാള്‍ക്ക് പോലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാനാവുമെന്ന് തെളിയിക്കാനായില്ല. ഇതിനിടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാനാകുമെന്ന തരത്തിലുള്ള ചില ദൃശ്യങ്ങള്‍ ചില ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും അവയൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളല്ലെന്ന് തെളിയുകയുണ്ടായി.
2010ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അസം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഏതാനും രാഷ്ട്രീയ കക്ഷികള്‍ ഒഴികെ മറ്റെല്ലാവരും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി. ഈ ഘട്ടത്തിലാണ് വോട്ടര്‍ വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വിവി പാറ്റ് സംവിധാനത്തെ കുറിച്ചുള്ള ആശയം മുന്നോട്ട് വച്ചത്. 2009ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ വിശദമായ മറുപടിയില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി 2012ല്‍ കേസ് തീര്‍പ്പാക്കി രാഷ്ട്രീയ കക്ഷികളുമായി വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം വിവി പാറ്റ് സംവിധാനം വികസിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കി.
സാങ്കേതിക സുരക്ഷിതത്വം
ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാട്ടുന്നതില്‍നിന്ന് വോട്ടിംഗ് യന്ത്രങ്ങളെ സംരക്ഷിക്കുന്നത് അതിലുപയോഗിച്ചിരിക്കുന്ന ഇലക്ട്രോണിക് സാങ്കേതികവിദ്യയും പ്രത്യേക സോഫ്റ്റ്വെയറുമാണ്. വയര്‍ മുഖേനയോ, വയര്‍ലെസ് സംവിധാനം മുഖേനയോ മറ്റോരു യന്ത്രവുമായോ സംവിധാനവുമായോ ഈ യന്ത്രങ്ങള്‍ ബന്ധിപ്പിച്ചിട്ടില്ല എന്നതും സവിശേഷതയാണ്. അതിനാല്‍ തന്നെ ഇതിനുള്ളില്‍ ശേഖരിക്കുന്ന വിവരങ്ങളില്‍ കൃത്രിമം കാട്ടാനുമാകില്ല. നിരവധി കര്‍ശന പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് യന്ത്രത്തിന്റെ സോഴ്സ് കോഡ്, മെഷീന് കോഡ് എന്നിവ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഈ യന്ത്രങ്ങളുടെ ഗുണനിലവാരം സംരക്ഷിക്കാന്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്.
ബാലറ്റ് യൂണിറ്റും കണ്ട്രോള് യൂണിറ്റും തമ്മിലുള്ള ഡൈനമിക് കോഡിംഗ്, റിയല്‍ ടൈം ക്ലോക്ക്, ഡിസ്പ്ലെ സംവിധാനം, വോട്ടിംഗ് മെഷീനില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ തീയതിയും, സമയവും രേഖപ്പെടുത്തുന്ന സംവിധാനം തുടങ്ങിയവ 2006 മുതല്‍ നിലവില്‍ വന്നു. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നവയും തമ്മിലുള്ള താരതമ്യം അസ്ഥാനത്താണ്. മറ്റ് രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് കണക്ടിവിറ്റിയോട് കൂടിയവയാണ്. അതിനാല്‍ തന്നെ അവ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ചിപ്പ് നിര്‍മ്മാണ വേളയില്‍ ഒറ്റത്തവണ പ്രോഗ്രാം ചെയ്യപ്പെട്ടവയാണ്. നിര്‍മ്മാണത്തിന് ശേഷം അവയില്‍ യാതൊന്നും രേഖപ്പെടുത്താനാവില്ല. അതിനാല്‍ തന്നെ വിദേശ രാജ്യങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളുമായോ അവ അവലംബിക്കുന്ന പ്രക്രിയയുമായോ ഉള്ള താരതമ്യം അസ്ഥാനത്താണ്.
സുരക്ഷാ ക്രമീകരണങ്ങള്‍
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഓരോ ഘട്ടത്തിലും വിപുലവും ഫലപ്രദവും സുതാര്യവുമായ നടപടിക്രമങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അവലംബിച്ചിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താന്‍ എല്ലാ ഘട്ടങ്ങളിലും രാഷ്ട്രീയ കക്ഷികള്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ പ്രതിനിധികള്‍ എന്നിവരുടെ പങ്കാളിത്തവും ഉറപ്പ് വരുത്തിയിട്ടുണ്ട്. വോട്ടെടുപ്പിലെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന് 2010ല്‍ രാഷ്ട്രീയ കക്ഷികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഈ സംവിധാനത്തിന് കീഴില്‍ ബാലറ്റിംഗ് യൂണിറ്റിനോട് അനുബന്ധിച്ച് ഒരു പ്രിന്റര്‍ ഘടിപ്പിക്കും. ഓരോ വോട്ടും രേഖപ്പെടുത്തുമ്പോഴും അതത് സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും വ്യക്തമാക്കുന്ന ഒരു പേപ്പര്‍ സ്ലിപ്പ് സമ്മതിദായകന് ഏഴ് സെക്കന്റ് നേരത്തേക്ക് കാണാന്‍ കഴിയും.
വോട്ടെണ്ണല്‍ വേളയില്‍ തര്‍ക്കമുണ്ടായാല്‍ ഫലം പരിശോധിക്കാന്‍ ഈ സ്ലിപ്പ് ഉപയോഗിക്കാം. 2013ലെ നാഗാലാന്റ് ഉപതെരഞ്ഞെടുപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വിവി പാറ്റ് ആദ്യമായി വിജയകരമായി ഉപയോഗിച്ചത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഇത് വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കുകയും ഇതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ ഗവണ്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് ഇത് ആദ്യമല്ല. മുന്‍പും ഇത്തരത്തില്‍ ആരോപണങ്ങളും സംശയങ്ങളും ഉന്നയിക്കപ്പെട്ടപ്പോഴോക്കെ ഈ യന്ത്രങ്ങള്‍ കൃത്രിമങ്ങള്‍ക്ക് അതീതമാണെന്ന വസ്തുത തെരഞ്ഞെടുപ്പ് കമ്മീഷന് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും മറിച്ച് തെളിയിക്കാന്‍ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ല. ചില രാഷ്ട്രീയ കക്ഷികള്‍ ഇപ്പോള്‍ ഉന്നയിച്ച ഇത്തരത്തിലുള്ള പൊതുവായ എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും അവ തള്ളികളയുകയാണെന്നും കമ്മീഷന് അറിയിച്ചു. ഏതെങ്കിലും വ്യക്തമായ ആരോപണങ്ങള്‍ വസ്തുതകളുടെ അടിസ്ഥാത്തില്‍ സമര്‍പ്പിച്ചാല്‍ അവ പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: