ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിയോണ്‍, സെല്‍റ്റ ഡി വിഗോ, ബസിക്റ്റാസ്, കെ.ആര്.സി. ജെന്‍ക്, ഷാല്‍ക്കെ, ആന്‍ഡര്‍ലെക്റ്റ്, അയാക്സ് ടീമുകള്‍ യൂറോപ്പ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍.
റഷ്യന്ക്ലബ് എഫ്സി റൊസ്റ്റോവിനെ പരാജയപ്പെടുത്തിയാണ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാന എട്ടിലെത്തിയത്. ഇന്നലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന രണ്ടാം പാദത്തില്‍ 1-0ന്റെ വിജയം നേടിയാണ് യുണൈറ്റഡ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യപാദത്തില്‍ 1-1ന് സമനില പാലിച്ച യുണൈറ്റഡ് ഇരുപാദങ്ങളിലമായി 2-1ന്റെ വിജയം നേടി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 70-ാം മിനിറ്റില്‍ ജുവാന്‍ മാട്ടയാണ് രണ്ടാം പാദത്തില്‍ യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ആദ്യപാദത്തില്‍ നേടിയ മികച്ച വിജയത്തിന്റെ കരുത്തില്‍ ലിയോണും ക്വാറട്ടറിലെത്തി. രണ്ടാം പാദത്തില്‍ സീരി എ ടീം റോമയോട് 2-1ന് പരാജയപ്പെട്ടെങ്കിലും ഇരുപാദങ്ങളിലുമായി 4-5ന്റെ വിജയമാണ് ലിയോണ്‍ സ്വന്തമാക്കിയത്. ആദ്യപാദത്തില്‍ 4-2നായിരുന്നു ഫ്രഞ്ച് ടീമിന്റെ ജയം.
ഒളിമ്പിയാക്കോസിനെ രണ്ടാം പാദ മത്സരത്തില്‍ 4-1ന് പരാജയപ്പെടുത്തിയാണ് ബെസിക്റ്റാസ് ക്വാറട്ടറിലേക്ക് മുന്നേറിയത്. ആദ്യ പാദത്തില്‍ 1-1ന് മസമനില പാലിച്ച ബെസിക്റ്റാസ് ഇരുപാദങ്ങളിലുമായി 5-2ന്റെ വിജയമാണ് സ്വന്തമാക്കിയത്.
ആദ്യപാദത്തില്‍ 2-1ന് കോപ്പന്ഹേഗനോട് പരാജയപ്പെട്ട അയാക്സ് രണ്ടാം പാദത്തില്‍ 2-0ന് വിജയിച്ച് അവസാന എട്ടില്‍ ഇടംപിടിച്ചു. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയമാണ് ഡച്ച് ടീം നേടിയത്.
ജര്‍മ്മന്‍ ക്ലബുകളുടെ പോരാട്ടത്തില്‍ ബൊറൂസിയ മൊച്ചന്ഗ്ലാബാഡിനെ എവേ ഗോളിന്റെ കരുത്തില്‍ പരാജയപ്പെടുത്തി ഷാല്‍ക്കെ 04ഉം ക്വാര്‍ട്ടറില്‍. ആദ്യ പാദം 1-1നും രണ്ടാം പാദം 2-2നും സമനിലയില്‍ പിരിഞ്ഞു. രണ്ടാം പാദത്തില്‍ എതിരാളികളുടെ മൈതാനത്തുചെന്ന് രണ്ട് ഗോള്‍ നേടാന്‍ കഴിഞ്ഞതാണ് ഷാല്‍ക്കെയെ തുണച്ചത്. മറ്റ് മത്സരങ്ങളില്‍ സെല്‍റ്റ എഫ്കെ ക്രാസ്നോഡ്കറിനെയും കെആര്‍സി ജെന്‍ക് കെഎഎ ജെന്റിനെയും ആന്‍ഡര്‍ലക്റ്റ് അപോയല്‍ നികോസിയയെയും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: