കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളുള്ള നാരദ ന്യൂസിന്റെ സ്റ്റിങ് ഓപ്പറേഷന് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്കി. ഇതുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹര്‍ജിയില്‍ ജസ്റ്റിസ് നിഷിത മഹാത്രേ, ജസ്റ്റിസ് തപവ്രത ചക്രവര്‍ത്തി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. പോലീസിന്റെ പക്കലുള്ള എല്ലാ രേഖകളും 24 മണിക്കൂറിനകം സിബിഐക്ക് കൈമാറണം. മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആറ് ലോക്സഭ അംഗങ്ങളും മൂന്ന് സംസ്ഥാന മന്ത്രിമാരുമടക്കം 11 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന സ്റ്റിങ് ഓപ്പറേഷന് ദൃശ്യങ്ങള്‍ 2016 മാര്‍ച്ച് 14നാണ് നാരദ ന്യൂസ് പുറത്തുവിട്ടത്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇത്. മുതിര്‍ന്ന പോലീസുകാരന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. ടിഎംസി എംപിമാരായ സൗഗത റോയി, സുവേണു അധികാരി, സുല്‍ത്താന്‍ അഹമ്മദ്, അപാരുപ പൊദ്ദര്‍, കകോളി ഘോഷ് ദസ്തിദാര്‍, പ്രസുന്‍ ബാനര്‍ജി, സംസ്ഥാന മന്ത്രിയായ സുബ്രത മുഖര്‍ജി, ഫിര്‍ഹദ് ഹക്കിം, മദന്‍ മിത്ര, കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി, എംഎല്‍എ ഇഖ്ബാല്‍ അഹമ്മദ്, മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എസ്എംഎച്ച് മിര്‍സ എന്നിവരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ ടിംഎംസി നേതൃത്വം പരുങ്ങലിലായിട്ടുണ്ട്. അതേസമയം വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനര്‍ജി അറിയിച്ചു.
റോസ്വാലി അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ സുധീപ് ബന്ദോപാധ്യായും തപസ് പാലും അന്വേഷണം നേരിട്ട് വരികയായിരുന്നു, അതിനിടെയാണ് 11 നേതാക്കള്‍ കൂടി അഴിമതിക്കേസില്‍ ഉള്‍പ്പെടുന്നത്. 2013ലെ ശാരദ ചിട്ടി തട്ടിപ്പ് കേസിലും ടിഎംസി നേതാക്കള്‍ അന്വേഷണം നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: