ചെന്നൈ: യുവ റേസിങ് താരം അശ്വിന് സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു. ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. അശ്വിനാണ് കാര്‍ ഓടിച്ചിരുന്നത്.
സംഭവസ്ഥലത്ത് വച്ച് തന്നെ അശ്വിനും ഭാര്യ നിവേദിതയും മരിച്ചു. കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ ഇരുവരും വാഹനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. വഴിയാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോസും ഉടന്‍ സംഭവസ്ഥലത്തെത്തി. അരമണിക്കൂറോളം ശ്രമപ്പെട്ടാണ് തീയണച്ചത്. കാര്‍ വെട്ടിത്തുറന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
പതിനാലാമത്തെ വയസ്സ് മുതല്‍ റേസിങ് രംഗത്തുള്ള ആളാണ് അശ്വിന്. ചെന്നൈ ലീലാപാലസിലേക്കുള്ള മടക്കയാത്രയിലാണ് ദുരന്തം. കാര്‍ അപകടത്തില്‍ പെട്ട സമയത്ത് സ്ഥലത്തെത്തിയ ഒരാള്‍ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ ലൈവിടുകയും ചെയ്തു. ഈ ദൃശ്യങ്ങളില്‍ ഓടിക്കൂടിയവരില്‍ ചിലര്‍ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതും എന്നാല്‍ അതിന് മുന്നെ വന്‍ ശബ്ദത്തോടെ കാര്‍ തീപിടിച്ച് കത്തിയമരുന്നതും കാണാം.
വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചതിന് ശേഷമാണ് മരിച്ചത് അശ്വിനും ഭാര്യയുമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: