മൂവാറ്റുപുഴ: മാനവ സേവ മാധവ സേവ എന്ന സന്ദേശം അര്‍ത്ഥ പൂര്‍ണമാക്കി മൂവാറ്റുപുഴക്കാവില് നാലു പേരുടെ മംഗല്യം. ഇതോടൊപ്പം ക്ഷേത്രത്തില്‍ ആദ്യമായി തുടങ്ങിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതിക്കും ഒരു മരം ദേവീ വരം പദ്ധതിക്കും തുടക്കംകുറിച്ചു.
തന്ത്രി മനയത്താറ്റ് നാരായണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളും നവകാഭിഷേകവും നടത്തിയതിനുശേഷം 9മണിയോടെ ദേവീനടയില്‍ വധൂവരന്മാരായ ശിവപ്രിയയും കെ.എസ് രഞ്ജിത്തും തമ്മിലുള്ള വിവാഹമാണ് ആദ്യം നടന്നത്. രോഹിണിയും സനീഷ് സത്യനും തമ്മിലുള്ള വിവഹമായിരുന്നു രണ്ടാമത്. തുടര്‍ന്ന് സി.കെ. സൂര്യ – മഞ്ജിത്ത്, എസ്. ഹരിത – ട്വിങ്കിള്‍ എന്നിവരുടെ വിവാഹവും നടന്നു.
കുരവവിളിയും പൂവിളിയുമായി നിറഞ്ഞുനിന്ന ഭക്തജനങ്ങളും സമൂഹത്തിലെ മഹാരഥന്മാരും വധൂവരന്മാര്ക്ക് അനുഗ്രഹം ചൊരിഞ്ഞു. മംഗല്യ ചടങ്ങുകള്‍ക്കുശേഷം നാലുപേരും ചേര്‍ന്ന് നവീകരിച്ച അന്നദാനമണ്ഡപത്തിന്റെ സമര്‍പ്പണവും നടത്തി. പൊതുസമ്മേളനവേദിയിലേക്ക് ഇവരെ ആനയിച്ചു.
ക്ഷേത്രം തന്ത്രി ദീപം തെളിയിച്ചതോടെ പൊതുസമ്മേളനം ജോയ്സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം രക്ഷാധികാരി എന്‍.ശങ്കരന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എല്‍ദോ എബ്രഹാം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം കെ.പി.എ.സി ലളിത വധൂവരന്മാര്ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ കെ.മുഹമ്മദ്. വൈ സഫീറുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും ഫലവൃക്ഷത്തെ വിതരണം ചെയ്തു കൊണ്ട് ‘ഒരു മരം ദേവീ വരം’ പദ്ധതിക്കും തുടക്കം കുറിച്ചു. അന്നദാന മണ്ഡപ നാമകരണം, മണ്ഡപ ശില്‍പ്പികളെ ആദരിക്കലും നടന്നു.
മുന്‍ എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്, ബാബു പോള്‍, വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.അജിത്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം എം.പി. അപ്പു, മുന്‍ ചെയര്മാന് എ.മുഹമ്മദ് ബഷീര്‍, കെ.എം. അബ്ദുള്‍ മജീദ്, ക്ഷേത്രം കാര്യദര്‍ശി എന്‍.ശിവദാസന്‍ നമ്പൂതിരി, ബ്ലോക്ക് അംഗം ടി.എം.ഹാരീസ്, കൗണ്‍സിലര്‍മാരായ പ്രമീള ഗിരീഷ്കുമാര്‍, സി.എം.സീതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: