വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂള്‍. സ്കൂള്‍ വാര്ഷികാഘോഷവേദിയില് നാടകാവതരണം. സ്കൂള്‍ ലീഡറും ഹൗസ് ക്യാപ്റ്റനും സ്കൂളിലെ സംസ്ഥാനതല ഹാന്‍ഡ്ബോള്‍ കളിക്കാരനുമായ പ്ലസ്ടുക്കാരന് തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന നാടകത്തിനുവേണ്ടി കുട്ടികള്‍ കാത്തിരിക്കുകയാണ്. ഒരു കൊള്ളക്കാരനെ ബ്രാഹ്മണന് നന്മയിലേക്ക് നയിക്കുന്ന പുരാണനാടകമാണ് അരങ്ങില്‍. സ്കൂളില്‍ തിളങ്ങിനില്‍ക്കുന്ന പ്ലസ്ടുക്കാരനാണ് കൊള്ളക്കാരന്റെ വേഷത്തില്‍. നാടകം തുടങ്ങി എഴുതിവച്ചിരുന്ന സ്ക്രിപ്റ്റ് എടുക്കാന്‍ മറന്നതോടെ വേദിയില്‍ ബ്രാഹ്മണനും കൊള്ളക്കാരനും തമ്മിലുള്ള സംഭാഷണത്തില്‍ ആകെ പൊരുത്തക്കേട്. കൊള്ളക്കാരനോട് കവര്‍ച്ചയും മദ്യപാനവും നിര്‍ത്താന്‍ ആവശ്യപ്പെടുന്ന രംഗമെത്തിയപ്പോള്‍ വന്ന ഡയലോഗ് ‘ഇത് നിന്റെ ലാസ്റ്റ് ചാന്‍സ് ആണ്, നിര്‍ത്തിക്കോ’ എന്ന.് പുരാണനാടകത്തിലെ ഇംഗ്ലീഷ് ഡയലോഗ് കേട്ട് കാണികള്‍ ഞെട്ടി. കൊള്ളക്കാരന്റെ അടുത്ത ഡയലോഗ് ‘കര്ട്ടന് ഇട്ടോടാ’, മൈക്കിലൂടെ സദസ് മുഴുവന്‍ ഡയലോഗ് കേട്ടു. കൂവലോട് കൂവല്‍. അതുവരെ സ്കൂളില്‍ ഹീറോയി നടന്ന ഇരിങ്ങാലക്കുടന് ഒരു നിമിഷംകൊണ്ട് സീറോയായി.
വര്‍ഷങ്ങള്‍ക്കിപ്പുറം, അതേ ഇരിങ്ങാലക്കുടക്കാരന് മുന്നില്‍ പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നു. ഡേറ്റിനായി തിരക്കഥാകൃത്തുക്കള്‍ കാത്തുനില്ക്കുന്നു. വെള്ളിത്തിരയില്‍ ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ചേക്കേറിയ മലയാള സിനിമയിലെ പുതിയ നായകനായ ടൊവിനോ തോമസായിരുന്നു ആ പ്ലസ്ടു വിദ്യാര്‍ത്ഥി. ‘ഒരു മെക്സിക്കന്‍ അപാരത’യിലൂടെ നായകനായി ചുവടുമാറ്റം നടത്തിയ ടൊവിനോ തോമസിന്റെ വിശേഷങ്ങളിലേക്ക്.
നാടകം, സ്പോര്‍ട്സ്, മോഡലിങ്
അഭിയനയമോഹം ഉള്ളതുകൊണ്ടുതന്നെയാണ് സ്വന്തമായി നാടകമെഴുതി അന്ന് സ്കൂളില്‍ അഭിനയിക്കാനിറങ്ങിയത്. കലശലായ അഭിനയമോഹം ഉണ്ടെന്ന് ആരോടും പറഞ്ഞിരുന്നില്ല. പറഞ്ഞാല്‍ ഭ്രാന്താണെന്നു പറഞ്ഞേനേ. സ്കൂളില്‍ സ്പോര്‍ട്സ് ഇനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. ഹാന്‍ഡ് ബോളില്‍ സംസ്ഥാനതലത്തില്‍ പങ്കെടുത്തിരുന്നു. ഡിസ്കസ് ത്രോ, ജാവലിന്‍, ഷോട്ട്പുട്ട് ഇതിലെല്ലാം കൈവച്ചിരുന്നു.
പ്ലസ്ടു കഴിഞ്ഞ് കോയമ്പത്തൂരില്‍ എഞ്ചിനീയറിങ് പഠനത്തിനുപോയി. അവിടെയും സ്പോര്‍ട്സ് ഒപ്പമുണ്ടായിരുന്നു. ഹാന്‍ഡ്ബോളില്‍ സംസ്ഥാനതലത്തില്‍ ഞാനുണ്ടാക്കിയ ടീം രണ്ടാംസ്ഥാനത്തു വന്നു. മോഡലിംഗില്‍ സജീവമായതും അക്കാലത്താണ്. 2009 ല്‍ മിസ്റ്റര്‍ യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു.
എഞ്ചിനീയറിങ് ജോലിയില്‍നിന്ന് അഭിനയത്തിലേക്ക്
എഞ്ചിനീയറിങ് കഴിഞ്ഞപ്പോള്‍ സിനിമ മനസില്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോലിക്ക് പോകണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധം പറഞ്ഞു. ചെന്നൈയിലെ കൊഗ്നിസന്റ് ടെക്നോളജിയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായി. കുറേനാള്‍ പിടിച്ചുനിന്നു. ഇതിനിടെ ചില പരസ്യചിത്രങ്ങളില്‍ മുഖം കാണിച്ചു. സിനിമയില്‍ ഒരു വേഷം ഉറപ്പായപ്പോഴാണ് ജോലി ഉപേക്ഷിച്ച് അഭിനയിക്കാനെത്തിയത്.
എന്നാല്‍ ജോലി രാജിവച്ച് വന്നപ്പോള്‍ എനിക്കു പകരം അവര്‍ വേറെ ആളെ വച്ചു. കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥ. ഒടുവില്‍ രണ്ട് വര്‍ഷം അങ്ങനെ നടന്നു.
പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച, വീടിനടുത്തുള്ള ജിജോയിയുമായുള്ള സൗഹൃദമാണ് സിനിമയിലെത്തിച്ചത് ‘പ്രഭുവിന്റെ മക്കളായിരുന്നു’ ആദ്യസിനിമ. രൂപേഷ് പീതാംബരനുമായുള്ള പരിചയം എന്നെ ക്യാമറയ്ക്കു പുറകിലെത്തിച്ചു. തീവ്രത്തിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. തീവ്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് അലക്സ് ഇ. കുര്യനാണ് എന്നെ മാര്ട്ടിന് പ്രക്കാട്ടിന്റെ ‘എബിസിഡി’യിലെത്തിക്കുന്നത്. അത് വഴിത്തിരിവായി.
‘എന്ന് നിന്റെ മൊയ്തീനി’ലെ അപ്പുവിലേക്ക്
അപ്പു എനിക്ക് വെല്ലുവിളിയായ കഥാപാത്രമായിരുന്നു. എന്റെ കരിയറിലെ നിര്‍ണായക വേഷം. ‘സെവന്ത്ഡേ’, ‘കൂതറ’, ‘യു ടൂ ബ്രൂട്ടസ്’ എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് ‘എന്ന് നിന്റെ മൊയ്തീനി’ലേക്കെത്തുന്നത്. പൃഥ്വിരാജാണ് ഇങ്ങനെയൊരു സിനിമയുണ്ടെന്ന് പറയുന്നത്. ‘സെവന്ത്ഡേ’യില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള പരിചയമായിരുന്നു അതിനിടയാക്കിയത്. അപ്പുവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ എന്തുവില കൊടുത്തും ഈ കഥാപാത്രം ചെയ്യണമെന്നുറപ്പിച്ചു.
‘ഒരു മെക്സിക്കന്‍ അപാരത’യിലേക്ക്, വിമര്‍ശനങ്ങള്‍
‘യു ടൂ ബ്രൂട്ടസ്’ ചെയ്യുമ്പോള്‍ ടോമി ഇമ്മട്ടിയുമായുള്ള പരിചയമാണ് ‘ഒരു മെക്സിക്കന്‍ അപാരത’യിലേക്കെത്തിച്ചത്. എന്നെ നായകനാക്കാന്‍ കഴിയുമെന്ന സംവിധായകന്റെ ആത്മവിശ്വാസമായിരുന്നു ആ സിനിമ. സിനിമയുടെ വിജയം ഒരുപാട് സന്തോഷം തരുന്നുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുപുറമെ ഫാമിലിയും സിനിമ കാണുന്നുണ്ട്. പോള്‍, കൊച്ചനിയന് എന്നീ രണ്ടു കഥാപാത്രങ്ങള്‍ക്കും രണ്ട് മാനറിസമായിരുന്നു വേണ്ടിയിരുന്നത്. അത് വിജയിപ്പിക്കാന്‍ പറ്റിയെന്നു കരുതുന്നു.
വിമര്‍ശനങ്ങളെ ഗൗരവത്തിലെടുക്കുന്നില്ല. സിനിമ രാഷ്ട്രീയ സിനിമയുമല്ല. ഞാന്‍ രാഷ്ട്രീയക്കാരനുമല്ല. സിനിമയിലെ പോള്‍ വിപ്ലവകാരിയാണ്. എന്റെ മനസിലും ഒരു വിപ്ലവപോരാളിയുണ്ട്. സാധാരണക്കാരനെ അടിച്ചമര്‍ത്തുമ്പോള്‍, സാധാരണക്കാരന്റെ അവകാശത്തിനായി പ്രതിരോധിക്കുമ്പോള്‍ ഏതൊരാളും വിപ്ലവകാരിയാകാം. അതിന് ഒരു കൊടിയുടെയും പ്രത്യയശാസ്ത്രത്തിന്റെയും ആവശ്യമില്ല. എല്ലാ പാര്‍ട്ടിയിലും അത്തരം വിപ്ലവകാരികള്‍ ഉണ്ടാവും.
സിനിമ അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ശരിയല്ല. കലാലയങ്ങളിലെ ഏകാധിപത്യ രാഷ്ട്രീയത്തിനെതിരായ സിനിമയാണത്. അക്രമ രാഷ്ട്രീയത്തിനെതിരെ പോള്‍ തിരിച്ചടിക്കുന്നു. നിവര്‍ന്ന് നിന്ന് പ്രതിരോധിച്ച് മാറ്റമുണ്ടാക്കുകയാണ്. സിനിമ കണ്ടവര്‍ വിമര്‍ശിക്കുമെന്നു തോന്നുന്നില്ല.
ഫാന്‍സ് അസോസിയേഷന് വേണ്ടെന്ന നിലപാട്
നടന്മാര്ക്കല്ല, നല്ല സിനിമകള്‍ക്കാണ് ഫാന്‍സ് അസോസിയേഷന് ഉണ്ടാവുന്നത്. എന്നെ ഇഷ്ടപ്പെടുന്നവര്‍ മറ്റുള്ളവരെയും ഇഷ്ടപ്പെടുന്നുണ്ടാവാം. മറ്റു നടന്മാരുടെ ആരാധകരും എന്നെ സ്നേഹിക്കുന്നുണ്ടാവാം. ഞാന്‍ എന്തിന് എന്നെ കുറച്ചുപേര്‍ക്ക് മാത്രമായി എഴുതികൊടുക്കണം.
ഗുസ്തി പഠിച്ചത്
‘ഗോദ’യ്ക്കുവേണ്ടി ഒരു മാസം ഫോര്‍ട്ട് കൊച്ചിയിലായിരുന്നു പഠനം. 72 വയസ്സുള്ള മിന്നല്‍ ജോര്‍ജ് ആയിരുന്നു ആശാന്. ഈ പ്രായത്തിലും ആശാന് എന്നെ മലര്ത്തിയടിച്ചുകളയും. ‘ഗോദ’ പ്രതീക്ഷ ഏറെയുള്ള സിനിമയാണ്. ‘ദംഗലി’നും ‘സുല്‍ത്താനും’. മുമ്പേ പ്ലാന്‍ ചെയ്ത സിനിമയാണ് ‘ഗോദ’. ആ സിനിമകളുടെ പാറ്റേണുമായി ‘ഗോദ’യ്ക്ക് യാതൊരു ബന്ധവുമില്ല. ‘ഗോദ’ ഒരു ഫുള്‍ പാക്കേജ് സിനിമയാണ്. സൗഹൃദവും തമാശയും പ്രണയവുമൊക്കെ സിനിമയിലുണ്ട്.
പുതിയ സിനിമകള്‍
ആഷിക് അബുവിന്റെ സിനിമ. തമിഴില്‍ ഒരു സിനിമ ധാരണയായിട്ടുണ്ട്. അനൗണ്‍സ് ചെയ്തിട്ടില്ല.
‘എന്ന് നിന്റെ മൊയ്തീനി’ലും ഒരു മെക്സിക്കന്‍ അപാരതയിലുമെല്ലാം ടൊവിനോയ്ക്ക് നഷ്ടകാമുകന്റെ വേഷം കൂടിയുണ്ട്. എന്നാല്‍ ജീവിതത്തില്‍ ടൊവിനോ നായകനാണ്. സ്കൂളില്‍ പ്ലസ് വണ്ണില്‍ തുടങ്ങിയ പ്രണയം. പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ലിഡിയയെ ടൊവിനോ ജീവിതസഖിയാക്കി. ഇസ മകളാണ്. വരും വര്‍ഷങ്ങളില്‍ വെള്ളിത്തിര ടൊവിനോയെ കാത്തിരിക്കുകയാണ്, പ്രേക്ഷകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: