കോട്ടയം: കേരളത്തിലെ റെയില്‍വേ വികസനത്തിന് കരുത്തു പകര്‍ന്ന് പാതയിരട്ടിപ്പിക്കലിന് വേഗം കൂടുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന ഇരട്ടപ്പാതാ പദ്ധതികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍ മന്ത്രാലയത്തിന്റെ തീരുമാനം. പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ തീവണ്ടി സര്‍വ്വീസുകളടക്കം വന്‍ വികസന പദ്ധതികളാണ് കേരളത്തിലേക്കു വരിക.
ഇത്തവണ കേന്ദ്ര ബജറ്റില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിന് മുന്തിയ പരിഗണനയാണ് ലഭിച്ചത്. ഇതില്‍ പ്രാധാന്യം നല്‍കിയത് പാതയിരട്ടിപ്പിക്കലിനും. 313 കോടി രൂപയാണു കോട്ടയം, ആലപ്പുഴ വഴികളിലൂടെയുള്ള പാത ഇരട്ടിപ്പിക്കലിനു വകയിരുത്തിയത്. കോട്ടയം വഴിയുള്ളതിന് 150 കോടി രൂപയും ആലപ്പുഴ വഴി പാത ഇരട്ടിപ്പിക്കലിന് 163 കോടിയും. ഇത്രവലിയ തുക പാതയിരട്ടിപ്പിക്കലിനു മാത്രമായി ലഭിക്കുന്നത് ഇതാദ്യമായാണ്. പണി വളരെ വേഗത്തില്‍ പൂര്‍ത്തികരിക്കാനുള്ള പദ്ധതികളും റെയില്‍വെ തയ്യാറാക്കിയിട്ടുണ്ട്.
കോട്ടയംവഴി 114 കിലോമീറ്ററും ആലപ്പുഴ വഴി 100 കിലോമീറ്ററുമാണ് പാത ഇരട്ടിപ്പിക്കാനുള്ളത്. 2003 ഒക്ടോബറില്‍ പദ്ധതിക്കു തുടക്കമായതാണ്. 14 വര്‍ഷം പിന്നിടുമ്പോള്‍ കോട്ടയം വഴി 78 കിലോമീറ്ററും ആലപ്പുഴ വഴി 13 കിലോമീറ്ററും മാത്രമേ ഇരട്ടപ്പാതയായുള്ളൂ. വളരെ മന്ദഗതിയിലാണ് ഇതുവരെ പണികള്‍ മന്നോട്ടു പോയത്. ഇത്തവണത്തെ കൂടിയ വകയിരുത്തല്‍ വന്നതോടെ പദ്ധതികള്‍ വേഗത്തിലാകും. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായ തിരുവല്ല-ചങ്ങനാശേരി എട്ടു കിലോമീറ്റര്‍ ഇരട്ടപ്പാത കമ്മീനിംഗ് ഈ മാസം 28നാണ്. കഴിഞ്ഞ ദിവസം ഇവിടെ സുരക്ഷാ കമ്മീഷണര്‍ പരിശോധന നടത്തിയിരുന്നു. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
മുളന്തുരുത്തി-കുറുപ്പന്തറ, ചെങ്ങന്നൂര്‍-ചിങ്ങവനം, കുറുപ്പന്തറ-ചിങ്ങവനം എന്നീ പാതകള്‍ക്കാണ് ഇപ്പോള്‍ പണം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനം ഭൂമി ഏറ്റെടുത്തു നല്കിയാല് ഒന്നര വര്‍ഷത്തിനുള്ളില്‍ ഇരട്ടപ്പാത പൂര്‍ണമായും കമ്മിഷന് ചെയ്യാം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മന്ദഗതിയിലാകുന്നത് കേരളത്തിലെ റെയില്‍ വികസനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ആലപ്പുഴ വഴി കായംകുളം-ഹരിപ്പാട് രണ്ടാം പാത മാത്രമാണു പൂര്‍ത്തിയായത്. ഹരിപ്പാട്-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: