കോയമ്പത്തൂര്‍: ആര്‍എസ്എസ് അഖില ഭാരത പ്രതിനിധി സഭക്ക് ഇന്ന് എട്ടിമട അമൃത വിശ്വവിദ്യാലയത്തില്‍ തുടക്കം. കേരളത്തിലെ സിപിഎം അക്രമം ഉള്‍പ്പെടെ സമകാലീന വിഷയങ്ങള്‍ പ്രതിനിധി സഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വിശ്വഹിന്ദു പരിഷത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ തുടങ്ങിയവര്‍ പ്രതിനിധി സഭയില്‍ പങ്കെടുക്കും.
നാല്‍പ്പത്തിരണ്ട് പ്രാന്തങ്ങളില്‍ നിന്നായി 1,400 പ്രതിനിധികള്‍ മൂന്നു ദിവസത്തെ യോഗത്തിനെത്തും. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. ഗ്രാമ വികസന പദ്ധതികള്‍, ഗോ സംരക്ഷണം, കുടുംബ-സാമൂഹ്യ-വ്യവസ്ഥയിലെ മൂല്യബോധം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ഡോ. വൈദ്യ പറഞ്ഞു.
കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ രാജ്യത്തെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതായി സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. ഇതിന്റെ ഫലമായി കേരളത്തില്‍ മാറ്റം കണ്ടു തുടങ്ങി. സിപിഎം നേതൃത്വവും സര്‍ക്കാരും പനര്‍ വിചിന്തനത്തിന് തയാറായി. ചില ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതിന്റെ തോത് കുറഞ്ഞു. ഇത് സ്വാഗതാര്‍ഹമെന്നും നന്ദകുമാര്‍ പറഞ്ഞു.
കേരളത്തില്‍ സിപിഎം നടത്തിയ ആക്രമണങ്ങള്‍ വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്‍ശനവും ചര്‍ച്ചകളും ഉള്‍പ്പെടെ രാജ്യവ്യാപകമായി 585 പ്രതിഷേധ പരിപാടികള്‍ സംഘം സംഘടിപ്പിച്ചു. നിരവധി സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകരും ചിന്തകരും പങ്കെടുത്തു. കേരളത്തില്‍ ഇതിനു പുറമേ 750 കേന്ദ്രങ്ങളില്‍ വലിയ യോഗങ്ങളും സംഘടിപ്പിച്ചു, നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
തമിഴ്നാട്, കര്‍ണാടകം ഉള്‍പ്പെടെ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു ജീവന് നഷ്ടമാകുന്നുണ്ട്. ദേശവിരുദ്ധ ഭീകരസംഘടനകളാണ് പല സംഭവങ്ങള്‍ക്കും പിന്നില്‍. അഖില ഭാരത പ്രതിനിധി സഭ ഇക്കാര്യം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.
സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യും. സര് കാര്യവാഹ് സുരേഷ് ജോഷി അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ തമിഴ്നാട് പ്രാന്തകാര്യവാഹ് ആടല് അരശനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: