കൊച്ചി: സംസ്ഥാന പോലീസ് മേധാവിയെ നിരീക്ഷിക്കാനാണോ ഭരണനിര്‍വഹണ ചുമതലയുള്ള ഡിജിപിയായി ടോമിന് തച്ചങ്കരിയെ നിയമിച്ചതെന്ന് ഹൈക്കോടതി. തച്ചങ്കരിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ സംബന്ധിച്ചും ഡിപ്പാര്‍ട്ടുമെന്റ് തല അന്വേഷണം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ രേഖാമൂലം നല്‍കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്താണെന്ന് ചോദിച്ച കോടതി ഇതാണ് ഉദ്ദേശമെങ്കിൽ അത്തരത്തിൽ ഒരാളെ തത്സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷമാകും ഈ കേസില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടാകുക.
ടിപി സെന്‍കുമാര്‍ പോലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു മുന്‍പ് സംസ്ഥാന പോലീസില്‍ നടന്ന സ്ഥലംമാറ്റങ്ങളും ടോമിന് തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വഹണ ചുമതലയുള്ള ഡിജിപിയായി നിയമിച്ചതും ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത്.
സംസ്ഥാന പോലീസ് മേധാവിയെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തികയില്‍ നിയമിച്ചതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: