മാവേലിക്കര: ഡ്രൈവിങ് ലൈസന്‍സിനായി ശ്രമിക്കുന്നവരെ വലച്ച് സര്‍ക്കാര്‍ നിര്‍ദേശം. ഏപ്രില്‍ ഒന്നുമുതല്‍ ലേണേഴ്സിന് അപേക്ഷിക്കുന്നവരില്‍ നിന്ന് 40 പേരെ മാത്രമെ ഒരു ബാച്ചില്‍ ടെസ്റ്റിന് അനുവദിക്കാവൂ എന്നാണ് പുതിയ നിര്‍ദ്ദേശം.
ഒരു ജോയിന്റ് ആര്‍ടി ഓഫീസിനു കീഴില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് ലേണേഴ്സ് ടെസ്റ്റ്. എണ്‍പത് പേര്‍ക്ക് മാത്രമേ ഇനി പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയൂ. ടെസ്റ്റിനുവേണ്ടിയുള്ള അപേക്ഷകരുടെ പട്ടിക വെബ് ലോഗിന്‍, സ്മാര്‍ട്ട് മൂവ് വഴി തയ്യാറാക്കണമെന്നാണ് അറിയിപ്പ്. അതിനാല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ഒരുമാസം കഴിഞ്ഞേ തീയതി ലഭിക്കൂ. വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബുദ്ധിമുട്ടാണ്. ലേണേഴ്സ് എടുത്ത ശേഷമെ പഠനം ആരംഭിക്കാന്‍ സാധിക്കൂ.
ലൈസന്‍സ് എടുക്കണമെങ്കില്‍ കുറഞ്ഞത് രണ്ടുമാസം സമയം എടുക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പുതിയ തീരുമാനം ഡ്രൈവിങ് സ്കൂളുകാരെയും പ്രതിസന്ധിയിലാക്കി. ആഴ്ചയില്‍ നാലു ദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തണമെന്നാണ് അവരുടെ ആവശ്യം.
പുതിയ നിര്‍ദ്ദേശം അനുസരിച്ച് സോഫ്റ്റുവെയറുകളില് റീജിയണല്‍ അല്ലെങ്കില്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തി, വിവരങ്ങള്‍ അതാതു ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാരെയും സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെയും രേഖാമൂലം അറിയിക്കണം. മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ മുന്‍കൂട്ടി അനുവാദം വാങ്ങണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ലേണേഴ്സ് ടെസ്റ്റിന് നിശ്ചയിച്ച ദിവസം ഹാജരാകാന്‍ സാധിച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ അപേക്ഷകന് നേരില്‍ ഹാജരാകുന്ന മുറയ്ക്ക് പുതിയ തീയതി അനുവദിക്കണം.
നിശ്ചയിച്ച ദിവസം ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാത്തവര്‍ ഇരുപത്തെട്ടാമത് വരുന്ന അതേ ദിനവും തോല്ക്കുന്നയാള് പതിനാലാമത് വരുന്ന അതേ ദിനവും ടെസ്റ്റിനായി വീണ്ടും എത്തണം. പഠിതാക്കളുടെ വിവരങ്ങള്‍ കൃത്യമായി സ്മാര്‍ട്ട് മൂവില് രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: