”നാഹം ജാനാമി കേയൂരേ
നാഹം ജാനാമി കുണ്ഡലേ
നൂപുരേ ത്വഭിജാനാമി
നിത്യം പാദാഭിവന്ദനാത്”
ശ്രീരാമന്റെയും സീതയുടെയും കഥപറയുന്ന കാവ്യപുസ്തകം മാത്രമല്ല വാല്മീകി രാമായണം. ഓരോ സന്ദര്‍ഭവും സദാചാരത്തിന്റെ
അമൃതബിന്ദുക്കളാണ്.
രാവണന് സീതയെ അപഹരിച്ചശേഷം രാമലക്ഷ്മണന്മാരുടെ സീതാന്വേഷണം. ഇടയ്ക്ക് ഇവര്‍ കണ്ട സുഗ്രീവന്, ഹനുമാന് തുടങ്ങിയ വാനരനേതാക്കള് ഒരു സ്ത്രീയെ രാക്ഷസന് വിമാനത്തില്‍ തട്ടിക്കൊണ്ടുപോകുന്നതായി പറഞ്ഞു. തങ്ങളെ കണ്ടപ്പോള്‍ സ്ത്രീ ഊരിയിട്ട ആഭരണങ്ങളെന്നു പറഞ്ഞ് സുഗ്രീവന് അവ രാമനു മുന്നില്‍ വച്ചു. കണ്ടപാടേ സീതാവിരഹ ദുഃഖത്താല്‍ വിവശനായ രാമന് ലക്ഷ്മണനോട്, ‘ആഭരണങ്ങള്‍ സീതയുടേതുതന്നെയോ എന്നു പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു. അപ്പോള്‍ ലക്ഷ്മണന് പറഞ്ഞു: ”നാഹംജാനാമി കേയൂരേ
നാഹം ജാനാമി കുണ്ഡലേ
നൂപുരേത്വഭിജാനാമി
നിത്യം പാദാഭിവന്ദനാത്’ ‘
‘ജ്യേഷ്ഠ, ജ്യേഷ്ഠത്തിയമ്മ മാറിലണിയുന്ന ആഭരണങ്ങളും തോള്‍വളകളും കമ്മലുമൊന്നും എനിക്കു കണ്ടാല്‍ തിരിച്ചറിയില്ല. പക്ഷേ, ഈ പാദസരം എനിക്കു നന്നായി അറിയാം. എന്നും ആ കാല്ക്കല് നമസ്കരിക്കുമ്പോള്‍ ഞാന്‍ കാണുന്നവയാണല്ലോ അവ’ എന്ന്. ആ പാദാരവിന്ദങ്ങള്‍ മാത്രമാണ് ഞാന്‍ സൂക്ഷ്മമായി കണ്ടിട്ടുള്ളത് എന്നാണു ലക്ഷ്മണന് പറഞ്ഞത്.
സനാതന ധര്‍മ്മത്തെ, സദാചാരസംസ്കാരത്തെ ഇത്രയും സുന്ദരമായി അവതരിപ്പിച്ച മാമുനിയുടെ കാവ്യഭാവന ഇന്നും ഏറെ പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: