എടക്കാട്: എടക്കാട് യുപി സ്കൂളിന് സമീപം സിപിഎം ക്രിമിനല്‍ സംഘം വീടാക്രമിച്ചു. ആക്രമണത്തില്‍ വീട്ടമ്മയുള്‍പ്പടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മീത്തലെ പൊട്ടനാണ്ടി വീട്ടില്‍ ഭരതന് (76), ഭാര്യ രമണി (56), മക്കളായ രൂപേഷ് (30), രഗിനേഷ് (26), ഭാര്യാ സഹോദരന് രഘുനാഥ് (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുപതോളം വരുന്ന സിപിഎം സംഘം വീടുവളഞ്ഞ് ആക്രമണം നടത്തിയത്. ഇരുമ്പ് വടി, കമ്പിപ്പാര, വടിവാള്‍, ഇടിക്കട്ട, സിപിഎം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സില്പ്പെട്ടവര് ഉപയോഗിക്കുന്ന പ്രത്യേക തരം കത്തി തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണം. ഇരച്ചെത്തിയ അക്രമികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.
ആക്രമമത്തില്‍ രഘുനാഥിനും രൂപേഷിനും രഗിനേഷിനും ഗുരുതരമായി പരിക്കേറ്റു. രൂപേഷിനെ ചവിട്ടി വീഴ്ത്തിയ ശേഷം കൈകാലുകള്‍ അടിച്ചുതകര്‍ത്തു. രഗിനേഷിന്റെ തലക്കും കൈകാലുകള്‍ക്കുമാണ് പരിക്കേറ്റത്. അക്രമികള്‍ രഘുനാഥിനെ വളഞ്ഞിട്ട് ആക്രമിച്ച് തല കമ്പിപ്പാരകൊണ്ട് അടിച്ച് തകര്‍ക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരുടെയും ബോധം പോയപ്പോള്‍ മരിച്ചെന്ന് കരുതിയാണ് അക്രമികള്‍ പുറത്തേക്ക് പോയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ഭരതനെയും രൂപേഷിനെയും ആശുപത്രിയിലെത്തിച്ചത്. സിപിഎം സംഘം സംഘടിച്ചെത്തി തടഞ്ഞതിനാല്‍ രഗിനേഷിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചില്ല. പോലീസ് സ്ഥലത്തു നിന്നു പോയശേഷം 10.30 ന് വീണ്ടും സംഘടിച്ചെത്തിയ അക്രമികള്‍ ആയുധങ്ങളുമായി വീട്ടിനകത്ത് കടന്ന് രഗിനേഷിനെ വീണ്ടും ആക്രമിച്ചു. രഗിനേഷ് മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് രണ്ടാമതും അക്രമം നടത്തിയത്. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ഭരതനും രമണിക്കും പരിക്കേറ്റത്. രമണിയുടെ ഇരു കൈകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
അക്രമത്തിനിടെ ബോധം നഷ്ടപ്പെട്ട ഭരതനെ വലിച്ചിഴച്ച് പുറത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. പോലീസെത്തിയാണ് മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചത്. പ്രദേശത്തെ സിപിഎം ക്രിമിനലുകളായ എകെജി എന്ന ദിനേശന്, നാട്ടപ്രകാശന്, സുജിത്, സംഗീത്, ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: