റാഞ്ചി:എന്റെ പേരു മാറ്റിത്തരൂ, എനിക്കു ജീവിക്കണം…ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഇത്തരത്തിലൊരു ഹര്‍ജി എത്തിയേക്കും. ഹര്‍ജിക്കാരന്റെ പേര് സദ്ദാം ഹുസൈന്. വീട് ഇറാഖിലല്ല. ജംഷഡ്പൂരില്‍. മുത്തച്ഛന് സ്നേഹത്തോടെ നല്കിയ പേര് ഇപ്പോള്‍ വിനയായിരിക്കുന്നു ഈ ചെറുപ്പക്കാരന്, ആരും ജോലി നല്‍കുന്നില്ല.
തമിഴ്നാട്ടിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയില്‍ നിന്ന് മറൈന്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയിട്ട് രണ്ടു വര്‍ഷമായി. പിന്നീട് ജോലിക്കുള്ള ശ്രമമായി. 40 കമ്പനികളുടെ എച്ച്ആര്‍ വകുപ്പുകള്‍ തന്റെ അപേക്ഷ തള്ളിക്കളയാന്‍ കാരണം ഈ പേരാണെന്നു പറയുന്നു സദ്ദാം ഹുസൈന്.
ഇറാക്കിലെ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈനെ അമേരിക്കന്‍ സഖ്യസേന അധികാരത്തില്‍ നിന്നു പുറത്താക്കിയതും പിന്നീട് തൂക്കിക്കൊന്നതുമൊക്കെ ചരിത്രം. പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു സദ്ദാമിനെ തൂക്കിലേറ്റിയിട്ട്.
എന്നാല്‍ ജംഷഡ്പൂരുകാരന് സദ്ദാം ഹുസൈന്റെ തലവിധി മാറിയിട്ടില്ല. തനിക്കു ജോലി തരാന്‍ സ്ഥാപനങ്ങള്‍ മടിക്കുകയാണെന്ന് ഈ ചെറുപ്പക്കാരന് പറയുന്നു.
2014ലെ ബാച്ചില്‍ രണ്ടാം റാങ്കുകാരനായാണ് സദ്ദാം മറൈന്‍ എഞ്ചിനീയറിങ്ങ് പാസായത്. ഒപ്പം പഠിച്ചവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നു. വിവിധ രാജ്യങ്ങളിലെ കമ്പനികളിലേക്ക് സദ്ദാം തന്റെ ബയോഡേറ്റ അയച്ചു കൊടുത്തിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള 40 അപേക്ഷകളും തള്ളുകയായിരുന്നു. എന്താണ് തനിക്ക് അവസരം നിഷേധിക്കുന്നതെന്ന് ആദ്യത്തെ ആറു മാസം മനസ്സിലായില്ല സദ്ദാമിന്. പിന്നീടാണ് പേരാണ് പ്രശ്നമെന്നു വ്യക്തമായത്. ഒരിക്കല്‍ ഒരു സ്ഥാപനത്തിലെ എച്ച്ആര്‍ വകുപ്പില്‍ സദ്ദാം കാര്യം അന്വേഷിച്ചു. അവരില്‍ ഒരാള്‍ സത്യം പറയാന്‍ തയാറായി, പേരാണ് പ്രശ്നം.
വിദേശത്തെ പ്രമുഖ കമ്പനികള്‍ക്കായി റിക്രൂട്ട്മെന്റ് നടത്തുന്ന ഏജന്‍സികളും കാര്യം വ്യക്തമാക്കി. ആപ്ലിക്കേഷന്‍ വിദേശത്തേക്ക് അയയ്ക്കുമ്പോള്‍ കുഴപ്പമാവും. വിമാനത്താവളങ്ങളില്‍ തടഞ്ഞു വെക്കുന്ന അവസ്ഥ വരെയുണ്ടാവാം. ഷാരുഖ് ഖാനു വരെ അമേരിക്കയില്‍ അത്തരത്തില്‍ അനുഭവമുണ്ടായി, ഒരു ഏജന്‍സിയില്‍ നിന്നു കിട്ടിയ മറുപടി ഇങ്ങനെ.
ഇത്രയുമായപ്പോള്‍ പേരു മാറ്റാന്‍ സദ്ദാം തീരുമാനിച്ചു. പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയില്‍ പേര് സാജിദ് എന്നു മാറ്റാന്‍ അപേഷ നില്‍കി. പേരു മാറ്റാന്‍ യൂണിവേഴ്സിറ്റിക്കു നല്കിയ അപേക്ഷയും തള്ളി. 10, 12 ക്ലാസുകളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ പേരു മാറ്റാതെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു യൂണിവേഴ്സിറ്റിയുടെ നിലപാട്. സദ്ദാം ഉടന്‍ സിബിഎസ്ഇയെ സമീപിച്ചു. എന്നാല്‍ സദ്ദാമിനെ സാജിദാക്കാന് കഴിയില്ലെന്ന് സിബിഎസ്ഇയും അറിയിച്ചു. ഇനി ശരണം കോടതി മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: