തൃശൂര്‍: ജിഷ്ണു ആത്മഹത്യ ചെയ്തകേസിലെ ഒന്നാം പ്രതി നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ ലാല്‍ കോളജിലെ വിദ്യാര്‍ത്ഥി ഷജീര്‍ ഷൗക്കത്തിനെ പാമ്പാടി കോളേജിലെ ഇടിമുറിയിൽ എട്ടു മണിക്കൂർ നേരം കൃഷ്ണദാസ് മർദ്ദിച്ച കേസിലാണ് അറസ്റ്റ്.
തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ലീഗല്‍ അഡ്വൈസര്‍ സുചിത്രയും പോലീസ് കസ്റ്റഡിയിലാണ്. ജിഷ്ണു പ്രണോയ് മരിക്കുന്നതിനു രണ്ടുദിവസം മുമ്പ് ജനുവരി മൂന്നിന് ചൊവ്വാഴ്ച്ചയായിരുന്നു ഷഹീറിനെ മര്‍ദ്ദിച്ചത്.
പറഞ്ഞ കടലാസുകളിൽ ഒപ്പിട്ടു നൽകിയില്ലെങ്കിൽ ജീവനോടെ പുറത്തുപോകില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പല തവണ ചെകിട്ടത്തടിച്ചു. മുട്ടുകാലു കൊണ്ട് വയറ്റത്ത് ഇടിച്ചു, നിലത്തുവീണപ്പോൾ തലയിൽ ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. ജീവനോടെ പുറത്തുപോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ എല്ലാ പേപ്പറിലും ഒപ്പിട്ടു നൽകിയതായി ഷഹീർ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സംഭവം ചോദിക്കാന്‍ ചെന്ന രക്ഷിതാവിനെ കൃഷ്ണദാസ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നെഹ്റു കോളേജിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ പരാതി നൽകിയതായിരുന്നു മർദ്ദനത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: