ന്യൂദല്‍ഹി: ഐഎസ് ബന്ധത്തില്‍ വിവാദത്തിലായ മുസ്ലിം മതപ്രഭാഷകന് സക്കീര്‍ നായിക്കിനെതിരെ കൂടുതല്‍ തെളിവുകള്‍. സക്കീറിന്റെ എന്‍ജിഒ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് തീവ്രവാദ പ്രവര്‍ത്തനത്തിന് പണമുപയോഗിക്കുന്നതിന്റെ വിശദാശങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.
സക്കീറിന്റെ അടുത്ത അനുയായിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഫൗണ്ടേഷന് ലഭിക്കുന്ന പണം ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധുക്കളുടെയും മറ്റും അക്കൗണ്ടുകളിലേക്ക് പണം കൈമാറിയാണ് ഇടപാട്.
ഇതിനിടെ സക്കീറിന്റെ 18.37 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം തടയല്‍ നിയമമനുസരിച്ചാണ് നടപടി. 9.41 കോടി രൂപ മൂല്യമുള്ള മ്യൂച്ചല്‍ ഫണ്ട്, അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായുള്ള 1.23 കോടിയുടെ നിക്ഷേപം, ചെന്നൈയില്‍ ഇസ്ലാമിക് എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ 7.05 കോടിയുടെ സ്കൂള്‍ കെട്ടിടം, ഹാര്‍മണി മീഡിയയുടെ 68 ലക്ഷത്തിന്റെ ഗോഡൗണ്‍ കെട്ടിടം എന്നിവയാണ് കണ്ടുകെട്ടിയത്. സക്കീറിന്റെ വിവിധ കേസുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് ഇവയെന്ന് അധികൃതര്‍ വ്യക്തമാക്കി.
കാണ്‍പൂര്‍ ട്രെയിന്‍ സ്ഫോടനത്തില്‍ പിടിയിലായ ഭീകരന് അതിഫ് മുസാഫറും സക്കീറിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. സക്കീറിന്റെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് താന്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്നാണ് മൊഴി. വിദ്വേഷ പ്രസംഗങ്ങളാണ് ട്രെയിന്‍ സ്ഫോടനത്തിലേക്ക് നയിച്ചത്. ഇതിനിടെ മാര്‍ച്ച് 30ന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സക്കീറിന് എന്‍ഐഎ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് നോട്ടീസ് അയക്കുന്നത്.
ബംഗ്ലാദേശിലെ ധാക്ക സ്ഫോടനത്തില്‍ അറസ്റ്റിലായവരാണ് സക്കീറിനെതിരെ ആദ്യം മൊഴി നല്‍കിയത്. സക്കീറിന്റെ പ്രസംഗങ്ങളാണ് തങ്ങളെ ഭീകരവാദ പ്രവര്‍ത്തനത്തിലേക്ക് നയിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍. അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സൗദിയിലാണ് സക്കീറിപ്പോള്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് എന്‍ഐഎ ആലോചിക്കുന്നത്. വിവിധയിടങ്ങളിലായി 21 വസ്തുവകകളാണ് സക്കീറിനുള്ളത്. ഫൗണ്ടേഷന് കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: