കൊല്ലം: കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കൊല്ലം കളക്ട്രേറ്റ് സ്ഫോടന കേസിലെ പ്രതികളെ ജയിലിലേക്ക് അയച്ചു.
മധുര സ്വദേശികളായ അബ്ബാസ് അലി (27), ഷംസൂണ്‍ കരിം രാജ (22), ദാവൂദ് സുലൈമാന്‍ കോയ (22), ഷംസുദീന്‍ (23) എന്നിവരെ ഏപ്രില്‍ മൂന്ന് വരെയാണ് ജില്ല ജയിലിലേക്ക് അയച്ചത്.
മലപ്പുറം കളക്ട്രേറ്റ് വളപ്പിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസാണ് ഇനി ഇവരെ കസ്റ്റഡിയില്‍ വാങ്ങേണ്ടത്. കസ്റ്റഡി അപേക്ഷ കോടതിയില്‍ നല്‍കുന്നത് അനുസരിച്ച് പ്രതികളെ മലപ്പുറം പോലീസിന് ലഭിക്കും. മാര്‍ച്ച് എട്ടിനാണ് കൊല്ലം ജില്ല സെഷന്‍സ് കോടതി 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാവിലെ 11ന് പ്രതികളെ അഡിഷണല്‍ ഒന്നാംക്ലാസ് സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി. ബന്ധുക്കളുമായി സംസാരിക്കാന്‍ മൊബൈല്‍ഫോണ്‍ അനുവദിക്കണമെന്ന് പ്രതികള്‍ കോടതിയോട് അഭ്യര്‍ഥിച്ചു. ജയില്‍ അധികൃതരാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു.
പൊലീസിന്റെ ഭാഗത്തു നിന്നുള്ള പെരുമാറ്റത്തില്‍ പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി നല്കി. ഇംഗ്ലീഷിലാണ് ചോദ്യങ്ങളും ആവശ്യങ്ങളും പ്രതികള്‍ ഉന്നയിച്ചത്. തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയാക്കിയതിനാല്‍ കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടില്ല. 2016 ജൂണ്‍ 15ന് രാവിലെ 10.50നാണ് കളക്ടറേറ്റ് വളപ്പില്‍ ഉപയോഗശൂന്യമായ ജീപ്പില്‍ സ്ഫോടനം നടന്നത്.
കൊല്ലം സ്ഫോടനത്തിന് മുന്‍പ് ആന്ധ്രയിലെ ചിറ്റൂരില്‍ ഏപ്രില്‍ 17നും കൊല്ലത്തിന് ശേഷം ആന്ധ്രയിലെ നെല്ലൂരില്‍ സെപ്റ്റംബര്‍ 12നും കര്‍ണാടകത്തിലെ മൈസൂരില്‍ ഓഗസ്റ്റ് ഒന്നിനും കേരളപിറവി ദിനത്തില്‍ മലപ്പുറം കളക്ട്രേറ്റിലും സംഘം സ്ഫോടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: